
മനാമ: ഗള്‍ഫ് മേഖലയില്‍ പൂര്‍ണമായും നിര്‍മ്മിച്ച ആദ്യ തമിഴ് ഫീച്ചര്‍ ഫിലിമായ ‘ഫ്‌ളാറ്റ് 807’നവംബര്‍ 26 വ്യാഴാഴ്ച ബഹ്റൈന്‍ ജുഫയറിലെ മുക്ത എ2 സിനിമാസില്‍ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കാര്‍ത്തിക് രാജ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം കാര്‍ത്തിക് രാജ് സിനി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണമായും ബഹ്റൈനില്‍ ചിത്രീകരിച്ച സിനിമയില്‍ പ്രാദേശിക കലാകാരന്മാരും വിവിധ മേഖലകളില്‍ നിന്നുള്ള അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കുന്നുണ്ട്.

ആധുനിക അപ്പാര്‍ട്ട്‌മെന്റ് ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഫ്‌ളാറ്റുകള്‍ക്കുള്ളിലെ വ്യത്യസ്ത ജീവിതങ്ങളും ബന്ധങ്ങളും രഹസ്യങ്ങളും അപ്രതീക്ഷിത സംഭവങ്ങളുമാണ് അവതരിപ്പിക്കുന്നത്. ആക്ഷന്‍, പ്രണയം, കോമഡി, സസ്‌പെന്‍സ് എന്നിവ കോര്‍ത്തിണക്കിയ അര്‍ബന്‍ സോഷ്യല്‍ ഡ്രാമയാണിത്.
കെവിന്‍ ഫ്രാന്‍സിസ്, പ്രജോദ് കൃഷ്ണ, ഷിബിന്‍ പി സിദ്ദിഖ്, ശ്രീറാം കാശി എന്നിവര്‍ സംഗീതം നല്‍കിയ നാല് ഗാനങ്ങളും ഗൗതം മഹേഷ് ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിലുണ്ട്. ഏകദേശം രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് ഇംഗ്ലീഷ്, അറബിക് സബ്ടൈറ്റിലുകളും ഒരുക്കിയിട്ടുണ്ട്.
ആശ പ്രദീപ്, പത്മ ബിശ്വാസ്, പവിത്ര ചിലമ്പരശന്‍, കാര്‍ത്തിക് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വൈശാഖ് കുളങ്ങര ക്രിയേറ്റീവ് ഹെഡായും വിനോദ് ആലിയത്ത് ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ചിദംബരം മുത്തു, ഹാരിസ് എക്കാച്ചു എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിച്ചു. അന്‍പതിലധികം കലാകാരന്മാരും സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
ഗള്‍ഫിലെ സിനിമാ നിര്‍മ്മാണ രംഗത്തെ പ്രാദേശിക പ്രതിഭകളുടെ കഴിവുകള്‍ അവതരിപ്പിക്കാനുള്ള കൂട്ടായ ശ്രമമാണ് ‘ഫ്‌ളാറ്റ് 807’ എന്ന് സംവിധായകന്‍ കാര്‍ത്തിക് രാജ് പറഞ്ഞു. പ്രാദേശിക കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയും മികച്ച കഥകള്‍ അവതരിപ്പിക്കുകയും ചെയ്യുകയാണ് കാര്‍ത്തിക് രാജ് സിനി പ്രൊഡക്ഷന്‍സിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗിക ഇവന്റ് പാര്‍ട്ണറായ കോണ്‍വെക്‌സ് ഇവന്റ്‌സിലെ അജിത് നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിനോദ് ആലിയത്ത്, ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റ് നിഷ രംഗരാജന്‍, ക്രിയേറ്റീവ് പിന്തുണ നല്‍കിയ ക്ലോഡി ജോഷി എന്നിവര്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചു. മുക്ത എ2 സിനിമാസിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ ഗുലാമും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രദര്‍ശന സമയവും ടിക്കറ്റ് വിവരങ്ങള്‍ക്കുമായി മുക്ത എ2 സിനിമാസിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ പരിശോധിക്കാവുന്നതാണ്.

