ഏഷ്യന്‍ ഫിലിം അവാര്‍ഡ്; നാലു നോമിനേഷനുകള്‍ നേടി പാരഡൈസ്

Web Desk
2 Min Read

കൊച്ചി: ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച പാരഡൈസിനു പതിനേഴാമത് ഏഷ്യന്‍ ഫിലിം അവാര്‍ഡ്‌സില്‍ നാലു നോമിനേഷനുകള്‍. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളിലാണു വിഖ്യാത ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്താനഗെ സംവിധാനം ചെയ്ത പാരഡൈസ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.

city exchange

2023 ഒക്ടോബറില്‍ നടന്ന ബുസാന്‍ ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്‌കാരം നേടിയ ചിത്രമാണു ‘പാരഡൈസ്’.

ഏഷ്യന്‍ ഫിലിം അവാര്‍ഡ് അക്കാദമിയുടെ നേതൃത്വത്തില്‍ നല്‍കി വരുന്ന പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക വൈവിധ്യങ്ങളെയും മികച്ച പ്രകടനങ്ങളെയും അടയാളപ്പെടുത്തുന്ന ചലച്ചിത്ര മികവുകള്‍ക്കാണു സമ്മാനിക്കപ്പെടുന്നത്.

മികച്ച സംവിധായകനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്ന പ്രസന്ന വിത്താനഗെയുടെ പതിനൊന്നാമത് സംവിധാന സംരംഭമാണു പാരഡൈസ്. അഞ്ചു നെറ്റ്പാക്ക് അവാര്‍ഡുകള്‍ ഉള്‍പ്പെടെ മുപ്പത്തിലധികം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പ്രസന്ന വിത്താനഗെയുടെ പ്രതിഭയ്ക്കും കാഴ്ച്ചപ്പാടിനുമുള്ള അംഗീകാരമാണു ഈ നാമനിര്‍ദ്ദേശം.

- Advertisement -
Ad image

പ്രസന്ന വിത്താനഗെയ്‌ക്കൊപ്പം അനുഷ്‌ക സെന്നയും ചേര്‍ന്നു രചിച്ചിരിക്കുന്ന പാരഡൈസിന്റെ തിരക്കഥയാണു മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരത്തിനു നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. പല അടരുകളിലായി ചുരുളഴിയുന്ന ഉദ്വേഗജനകമായ ഈ തിരക്കഥ പാരഡൈസിനെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം ആവശ്യപ്പെടുന്ന തീവ്രതയുള്ള കഥ പറച്ചിലും മനോഹരമായ ദൃശ്യഭാഷയും മികച്ച ചിത്രസംയോജനത്തിലൂടെ പ്രാവര്‍ത്തികമാക്കിയതിനാണ് ശ്രീകര്‍ പ്രസാദിനു മികച്ച ചിത്രസംയോജനത്തിനുള്ള നാമനിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. പൊന്നിയന്‍ സെല്‍വന്‍, ആര്‍ആര്‍ആര്‍ ഉള്‍പ്പെടെ അറുന്നൂറോളം ചിത്രങ്ങള്‍ക്ക് ചിത്രസംയോജനം നിര്‍വഹിച്ച് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച വ്യക്തിയാണു ശ്രീകര്‍ പ്രസാദ്.

റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ ശ്രീലങ്കന്‍ അഭിനേതാക്കളായ ശ്യാം ഫെര്‍ണാണ്ടോ, മഹേന്ദ്ര പെരേര തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന പാരഡൈസ് പ്രേക്ഷര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് മണിരത്‌നം നേതൃത്വം നല്‍കുന്ന മദ്രാസ് ടാക്കീസാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയും ശബ്ദസന്നിവേശം തപസ് നായിക്കും നിര്‍വഹിച്ചിരിക്കുന്നു. സംഗീതം നല്‍കിയിരിക്കുന്നത് ‘കെ’.

പാരഡൈസ് ഉള്‍പ്പെടെ ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച രണ്ട് ചിത്രങ്ങളാണു 2024ല്‍ ലോകമെമ്പാടുമുള്ള തീയറ്ററുകളിലെത്തുന്നത്.ന്യൂട്ടണ്‍ സിനിമയും വിതരണപങ്കാളികളായ സെഞ്ചുറി ഫിലിംസും ചേര്‍ന്നാണു ഈ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിക്കുന്നത്. ‘പാരഡൈസ്’ മാര്‍ച്ച് മാസത്തിലും ‘ഫാമിലി’ ഫെബ്രുവരിയിലുമാണു പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. പി ആര്‍ ഒ: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!