
ദോഹ: ഖത്തറിലെ ആരോഗ്യ സേവന മേഖലയില്‍ കൂടുതല്‍ സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സോഫ്റ്റ് ലോഞ്ചോടെ റിയാദ മെഡിക്കല്‍ സെന്ററിന്റെ ഇന്‍ഡസ്ട്രിയല്‍ ഏരിയ ബ്രാഞ്ചിന് തുടക്കമായി. കൂടുതല്‍ ആളുകളിലേക്ക് ഗുണമേന്മയുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സേവനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

റിയാദ മെഡിക്കല്‍ സെന്റര്‍ ചെയര്‍മാന്‍ ശൈഖ് ജാസിം മുഹമ്മദ് ബിന്‍ ഹമദ് അല്‍താനിയാണ് പുതിയ ബ്രാഞ്ചിന്റെ സോഫ്റ്റ് ലോഞ്ച് കര്‍മം നിര്‍വഹിച്ചത്. മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ ജംഷീര്‍ ഹംസ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം, മറ്റ് മാനേജ്‌മെന്റ് അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

സി റിംഗ് റോഡിലുള്ള ജെ സി ഐ അക്രഡിറ്റേഷന്‍ നേടിയ റിയാദ മെഡിക്കല്‍ സെന്ററിന്റെ തുടര്‍ച്ചയായ വികസനത്തിന്റെ ഭാഗമായാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പുതിയ ബ്രാഞ്ച് ആരംഭിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ താമസക്കാര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും എളുപ്പത്തില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഈ വിപുലീകരണത്തിന്റെ പ്രധാന ലക്ഷ്യം.
റിയാദയുടെ വളര്‍ച്ചയിലെ പ്രധാന ചുവടുവെപ്പാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പുതിയ ബ്രാഞ്ചെന്നും കൂടുതല്‍ പേരിലേക്ക് മികച്ച ആരോഗ്യ സേവനങ്ങള്‍ എത്തിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും മാനേജിംഗ് ഡയറക്ടര്‍ ജംഷീര്‍ ഹംസ പറഞ്ഞു.
പുതിയ ബ്രാഞ്ചില്‍ വിവിധ വിഭാഗങ്ങളിലായി ജനറല്‍ മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, ഇ എന്‍ ടി, റേഡിയോളജി, ലബോറട്ടറി, ഡെന്റല്‍, ഒപ്‌റ്റോമെട്രി എന്നീ വിഭാഗങ്ങള്‍ക്കൊപ്പം ഫാര്‍മസി സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. പ്രതിദിനം രാവിലെ ഏഴു മുതല്‍ രാത്രി 11 മണി വരെയാണ് പ്രവര്‍ത്തന സമയം. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്കും താമസക്കാര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ ആരോഗ്യ സേവനങ്ങള്‍ തേടാന്‍ സഹായിക്കുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

