
കൊച്ചി: സമൂഹത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിയുകയും അവയെ പുതിയ സംരംഭങ്ങളാക്കി മാറ്റുകയും ചെയ്യുമ്പോഴാണ് മികച്ച ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് സഫാരി ടിവി സ്ഥാപകനും മാനേജിങ് ഡയറക്ടറും സഞ്ചാരം പരിപാടിയുടെ സ്രഷ്ടാവുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. ലോകവിപണിയിലേക്ക് കടന്നുചെന്ന് കേരളത്തിലെ ഉല്‍പ്പന്നങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും കൂടുതല്‍ സാധ്യതകള്‍ കണ്ടെത്താന്‍ യുവതലമുറ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ 170-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘മൈ സ്റ്റോറി’ സംവാദപരമ്പരയുടെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തിങ്ക് ഗ്ലോബല്‍, ബില്‍ഡ് ലോക്കല്‍’ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.

യാത്രകളെ കേവലം വിനോദത്തിനുള്ള ഉപാധിയായല്ല, പുതിയ ആശയങ്ങളും ബിസിനസ് സാധ്യതകളും കണ്ടെത്താനുള്ള അവസരമായാണ് താന്‍ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പ്രദേശത്തിന്റേയും വിനോദസാധ്യതകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ആ പ്രദേശത്തിന്റെ ചരിത്രവും സാമൂഹിക സാഹചര്യങ്ങളും അന്വേഷിക്കാനാണ് താന്‍ ശ്രമിച്ചത്. ഈ കാഴ്ചപ്പാടാണ് സഞ്ചാരം എന്ന പരിപാടിയുടെ വളര്‍ച്ചയ്ക്കും പിന്നീട് സഫാരി ടിവി എന്ന ചാനലിന്റെ രൂപീകരണത്തിനും വഴിയൊരുക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
കേരളത്തിലെ സംരംഭകര്‍ക്ക് ആഗോള വിപണിയില്‍ വലിയ സാധ്യതകളുണ്ടെന്ന് വ്യാപാരമേളകളിലെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ലോകോത്തര വ്യാപാര മേളകളില്‍ കണ്ടുട്ടിയ മലയാളികളില്‍ കൊച്ചിപോലെ വലിയ വാണിജ്യകേന്ദ്രത്തില്‍നിന്നുള്ളവരുടെ സാന്നിധ്യം കുറവാണെന്നത് അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ലോകവിപണിയില്‍ മികച്ച നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി ഇന്ത്യയില്‍ വിപണനം ചെയ്യുന്നതിനും സ്വന്തം ഉല്‍പ്പന്നങ്ങള്‍ വിദേശവിപണിയിലെത്തിക്കുന്നതിനും യുവസംരംഭകര്‍ ശ്രമിക്കണം.
പരമ്പരാഗതമായി ഒരു മേഖലയില്‍ ബിസിനസ് നടത്തുന്നവര്‍ അടുത്ത തലമുറയില്‍ അതേ രീതിയില്‍ മാത്രം മുന്നോട്ടുപോകാതെ ഉല്‍പ്പാദനം, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, വിതരണം, വിപണനം തുടങ്ങിയ മേഖലകളിലേക്കും ചിന്ത വ്യാപിപ്പിക്കണം.
സമൂഹത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ തിരിച്ചറിയുന്നതിലൂടെയും വലിയ സംരംഭങ്ങള്‍ രൂപപ്പെടാമെന്ന് അദ്ദേഹം പറഞ്ഞു.
സഞ്ചാരം പരിപാടിയെ സഫാരി ടിവിയായി വളര്‍ത്തിയ അനുഭവവും അദ്ദേഹം പങ്കുവച്ചു. പരിപാടിയുടെ പ്രേക്ഷകരെ ഉള്‍പ്പെടുത്തി വിദേശയാത്രകള്‍ സംഘടിപ്പിക്കുന്നതും ചാനലിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍, വീഡിയോ ഉല്‍പ്പന്നങ്ങള്‍ വാങ്ങി സൂക്ഷിക്കുന്ന വലിയൊരു പ്രേക്ഷകസമൂഹം രൂപപ്പെട്ടതും സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍, കോളജ് ലൈബ്രറികള്‍, അധ്യാപകര്‍, പ്രൊഫഷണലുകള്‍ എന്നിവരടങ്ങുന്ന ഏകദേശം 45,000 പേരുടെ സബ്‌സ്‌ക്രൈബര്‍ സമൂഹം സഞ്ചാരത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉല്‍പ്പന്നം വാങ്ങാനുള്ള താല്‍പര്യത്തിനപ്പുറം സ്ഥാപനത്തോടും സംരംഭത്തോടും വൈകാരികമായ ബന്ധം ഉപഭോക്താക്കളില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതാണ് സംരംഭകന്റെ വലിയ വിജയമെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.
കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. എക്‌സി
ക്യൂട്ടീവ് അംഗം അതുല്‍ റാം അതിഥിയെ പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് പ്രകാശ് അയ്യര്‍ നന്ദി പറഞ്ഞു.

