
ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നാലുദിവസമായി നടന്ന 12-ാമത് ലോക ഹലാല്‍ ഉച്ചകോടിയിലും ഹലാല്‍ എക്‌സ്‌പോ 2026ലും ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പങ്കെടുത്തു. ആഗോള ഹലാല്‍ വ്യവസായ മേഖലയിലെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു ഉച്ചകോടിയും പ്രദര്‍ശനവും.

ഖത്തര്‍ ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ. മുഹമ്മദ് ബിന്‍ ജൗഹര്‍ അല്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പരിപാടിയില്‍ പങ്കെടുത്തത്. ഖത്തറിന്റെ ദേശീയ ഉത്പന്നങ്ങളും സേവനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക പവിലിയന്‍ ഒരുക്കിയിരുന്നു. ഏഴ് ഖത്തര്‍ കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാനും വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ സന്ദര്‍ശകര്‍, നിക്ഷേപകര്‍, വ്യാപാര പ്രതിനിധികള്‍ എന്നിവരുമായി ബന്ധം സ്ഥാപിക്കാനും ഇതിലൂടെ അവസരം ലഭിച്ചു.

ഖത്തറിലെ സ്വകാര്യ മേഖലയെ പിന്തുണയ്ക്കുന്നതിനും ദേശീയ കമ്പനികള്‍ക്ക് അന്താരാഷ്ട്ര വിപണികളില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനുമുള്ള ചേംബറിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഉച്ചകോടിയിലെ പങ്കാളിത്തമെന്ന് ഡോ. മുഹമ്മദ് ബിന്‍ ജൗഹര്‍ അല്‍ മുഹമ്മദ് പറഞ്ഞു.
ഏഴ് ഖത്തര്‍ കമ്പനികളുടെ പങ്കാളിത്തം ദേശീയ ഉത്പന്നങ്ങളുടെ ഗുണനിലവാരവും വൈവിധ്യവും ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ സഹായിച്ചതായി അദ്ദേഹം വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കമ്പനികളുമായും നിക്ഷേപകരുമായും വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കാനും സഹകരണത്തിനും സംയുക്ത സംരംഭങ്ങള്‍ക്കും പുതിയ വിപണികളിലേക്കുള്ള പ്രവേശനത്തിനും സാധ്യതകള്‍ കണ്ടെത്താനും പ്രദര്‍ശനം അവസരമൊരുക്കി.
ആഗോളതലത്തില്‍ ഹലാല്‍ വ്യവസായം അതിവേഗം വളരുന്ന സാഹചര്യത്തില്‍ ഇത്തരം അന്താരാഷ്ട്ര വേദികളിലെ പങ്കാളിത്തത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹലാല്‍ വ്യവസായം ഇന്ന് ഭക്ഷ്യ ഉത്പന്നങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ലെന്നും സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഔഷധങ്ങള്‍, ടൂറിസം, ധനകാര്യം തുടങ്ങി വിവിധ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വളര്‍ച്ച ഖത്തറിലെ സംരംഭകര്‍ക്ക് പുതിയ വ്യാപാര- നിക്ഷേപ സാധ്യതകള്‍ തുറന്നുനല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
ദേശീയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും അവയുടെ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര വിപണികളുമായി കൂടുതല്‍ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും ഖത്തര്‍ ചേംബര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഡോ. അല്‍ മുഹമ്മദ് വ്യക്തമാക്കി. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വൈവിധ്യവത്ക്കരണത്തിനും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയുടെ ഭാഗമായി ഖത്തര്‍ ചേംബര്‍ പവിലിയനില്‍ അഫ്ഗാനിസ്ഥാന്‍ വ്യവസായ- വാണിജ്യ ഉപമന്ത്രി മൗലവി ഷഹാബുദ്ദീന്‍ തഖീബുമായി ഡോ. മുഹമ്മദ് ബിന്‍ ജൗഹര്‍ അല്‍ മുഹമ്മദ് കൂടിക്കാഴ്ച നടത്തി.
ഖത്തറും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വ്യാപാര- സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിനും പരസ്പര താത്പര്യമുള്ള മേഖലകളില്‍ പുതിയ വ്യാപാര- നിക്ഷേപ ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതിനും കൂടിക്കാഴ്ചയില്‍ ധാരണയായി.
യെമന്‍ വ്യവസായ- വാണിജ്യ മന്ത്രി മുഹമ്മദ് അല്‍ അഷ്വാലുമായും ഡോ. അല്‍ മുഹമ്മദ് കൂടിക്കാഴ്ച നടത്തി. ഖത്തറും യെമനും തമ്മിലുള്ള വ്യാപാര- സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഖത്തര്‍ കമ്പനികളുടെ ചെയര്‍മാന്മാരും പ്രതിനിധികളും ഖത്തര്‍ ചേംബര്‍ നല്‍കിയ പിന്തുണയെ അഭിനന്ദിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ സന്ദര്‍ശകര്‍, നിക്ഷേപകര്‍, വ്യാപാര പ്രതിനിധികള്‍ എന്നിവര്‍ക്കു മുന്നില്‍ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാന്‍ ഈ പങ്കാളിത്തം സഹായിച്ചതായി അവര്‍ പറഞ്ഞു.
ഖത്തറിന്റെ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണികളില്‍ പരിചയപ്പെടുത്താനും വിദേശ കമ്പനികളുമായി നേരിട്ട് ബന്ധപ്പെടാനും വ്യാപാര- നിക്ഷേപ സഹകരണത്തിനുള്ള സാധ്യതകള്‍ കണ്ടെത്താനും പുതിയ വിപണികള്‍ തുറക്കാനും ഉച്ചകോടിയിലെ പങ്കാളിത്തം പ്രയോജനപ്പെട്ടതായി കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കി.

