യു.പി പോലിസ് അറസ്റ്റ് ചെയ്ത മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി

Web Desk
1 Min Read

ലഖ്‌നോ: ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി. കഴിഞ്ഞ 14ന് ജാമ്യം ലഭിച്ചെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞ ദിവസമാണ് ജയിലില്‍ നിന്നും പുറത്തിറങ്ങാനായത്. ലഖ്‌നൗ അഡീഷനല്‍ ജില്ലാ കോടതിയാണ് ഏഴുവയസ്സുകാരനും വൃദ്ധരായ സ്ത്രീകളും ഉള്‍പ്പടെ നാലുപേര്‍ക്ക് ജാമ്യം അനുവദിച്ചത്. 36 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഏഴുവയസ്സുകാരന്‍ ഉള്‍പ്പടെയുള്ള കുടുംബങ്ങള്‍ക്ക് ജയില്‍ മോചിതരാകാന്‍ കഴിഞ്ഞത്. ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിന്റെ സമയപരിധി കഴിഞ്ഞുവെന്ന് ആരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ജയിലില്‍ കഴിയുന്ന മലയാളികളായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് എന്നിവരെ സന്ദര്‍ശിക്കാന്‍ എത്തിയവരെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. അന്‍ഷാദിന്റെ മാതാവ് നസീമ, ഭാര്യ മുഹ്സിന, ഏഴ് വയസുള്ള മകന്‍ അതിഫ് മുഹമ്മദ്, ഫിറോസിന്റെ മാതാവ് ഹലീമ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. സ്ത്രീകളെയും കുട്ടികളെയും കള്ളക്കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ ആരോപിച്ചിരുന്നു. തടവിലാക്കപ്പെട്ടവരെ കാണാന്‍ ബന്ധുക്കളെ അനുവദിക്കാതിരിക്കുന്നതും കാണാനെത്തിയവര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുന്നതും അന്യായമാണെന്ന് പോപുലര്‍ ഫ്രണ്ട് കുറ്റപ്പെടുത്തി. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി യു.പിയില്‍ യാത്ര ചെയ്യുമ്പോള്‍ ഈ വര്‍ഷം ഫെബ്രുവരി 11നാണ് അന്‍ഷാദ് ബദറുദ്ദീനും ഫിറോസും അറസ്റ്റിലായത്. സ്ഫോടകവസ്തുക്കളും ആയുധങ്ങളും കൈവശം വെച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. യു.പി എ.ടി.എസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

city exchange
Share This Article
Leave a Comment
error: Content is protected !!