

കോഴിക്കോട്: മതരഹിത വിവാഹത്തിന്റെ നാല്പതാം വാര്‍ഷികമാഘോഷിച്ച് ദമ്പതികള്‍. എന്‍ ജി ഒ യൂണിയന്റെ കോഴിക്കോട് ജില്ലയിലെ സജീവ പ്രവര്‍ത്തകരായിരുന്ന അബ്ദുറഹിമാനും വത്സമ്മ ജോണ്‍ ദമ്പതികളാണ് നാല് പതിറ്റാണ്ട് മുന്‍പ് 1981-ല്‍ എന്‍ ജി ഒ യൂണിയന് ഹാളില്‍ നടന്ന തങ്ങളുടെ വിവാഹത്തിന്റെ നാല്പതാം വാര്‍ഷികം സി പി എം ജില്ലാകമ്മിറ്റി ഓഫീസില്‍ മക്കളുടെയും പേരമക്കളുടെയുമെല്ലാം സാന്നിധ്യത്തില്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്.

അബ്ദുറഹിമാന് ഇ എസ് ഐ ഡിപ്പാര്‍ട്ട്മെന്റിലും വത്സമ്മ ബീച്ച് ആശുപത്രിയിലുമായിരുന്നു വിവാഹ സമയത്ത് ജോലി ചെയ്തിരുന്നത്. പരസ്പരം കണ്ട് ഇഷ്ടപ്പെട്ട് ഒന്നിച്ച് ജീവിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് മതത്തില്പ്പെട്ടവരായിട്ടു കൂടി രണ്ടു പേര്‍ക്കും അതൊന്നും തടസ്സമായില്ല. മാത്രമല്ല ഇരുവര്‍ക്കും കുട്ടികളായപ്പോഴും മതം ഒരു തടസ്സമായി വന്നില്ല. മക്കളെയും ഇരുവരും മതരഹിതരായിട്ടു തന്നെയാണ് വളര്‍ത്തിയത്.
മകള്‍ ഹര്‍ഷയെയും മകന് ഏബലിനെയും കല്യാണം കഴിച്ചത് ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരാണ്.
സ്കൂളില്‍ ചേര്‍ക്കുമ്പോഴും മക്കള്‍ക്ക് മതവും ജാതിയും ചേര്‍ത്തിരുന്നില്ല.

1981 നവംബര്‍ നാലിന് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം എന്‍ ജി ഒ യൂണിയന് ജില്ലാ സെക്രട്ടറി വി കെ വിജയന്, സിറ്റി സെക്രട്ടറി എം എ ജോണ്സണ് എന്നിവരുടെ നേതൃത്വത്തില്‍ യൂണിയന് ഹാളില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ് നടന്നതെങ്കില്‍ നാല്‍പ്പതാം വാര്‍ഷികാഘോഷം സി പി എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരന് സ്മാരക മന്ദിരത്തില്‍ ജില്ലാ സെക്രട്ടറി മോഹനന് മാഷിന്റെ സാന്നിധ്യത്തിലായിരുന്നു.
മക്കളും പേരക്കുട്ടികളും അടുത്ത ബന്ധുക്കളായ ഏതാനും പേര് മാത്രമാണ് ഈ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എത്തിയത്. കോഴിക്കോട് ചേവരമ്പലത്താണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്.

