

കോഴിക്കോട്: ത്രിപുരയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘ്പരിവാര്‍ അതിക്രമങ്ങളില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ അഡൈ്വസറി കമ്മിറ്റിയുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മുസ്ലിംകള്‍ക്കെതിരെ അഴിഞ്ഞാടുന്ന അക്രമികള്‍ക്കൊപ്പം നില്‍ക്കുകയാണ് ബി ജെ പി സര്‍ക്കാര്‍.

അക്രമത്തിന് ഇരകളായവര്‍ക്ക് നീതി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ പോലും അനുവദിക്കുന്നില്ല. ആര്‍ എസ് എസ്, വി എച്ച് പി, ബജ്റംഗ്ദള്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ത്രിപുരയില്‍ പള്ളികള്‍ തകര്‍ക്കുകയും മുസ്ലിം സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും വീടുകള്‍ നശിപ്പിക്കുകയും ചെയ്തത്. പോലീസ് ഈ അക്രമങ്ങളെല്ലാ നോക്കി നില്‍ക്കുകയായിരുന്നു. ജനാധിപത്യ ഇന്ത്യക്ക് വലിയ നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകളാണ് ത്രിപുരയില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഈ അക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കുകയും സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തുകയും വേണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു.

യു പി തെരഞ്ഞെടുപ്പ്, അസം കുടിയൊഴിപ്പിക്കല്‍, ദേശീയ മെമ്പര്‍ഷിപ്പ് കാമ്പയിന്‍, ദേശീയ ഫണ്ട് ശേഖരണം തുടങ്ങിയ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ദേശീയ പ്രസിഡന്റ് പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ഡിസംബര്‍ മൂന്ന് മുതല്‍ 10 വരെ ദേശീയതലത്തില്‍ ഫണ്ട് ശേഖരണ കാമ്പയിന്‍ സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളുടെ ചുമതല ഭാരവാഹികള്‍ക്ക് നല്‍കി. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം പി, ഡോ. എം പി അബ്ദുസ്സമദ് സമദാനി, അഡ്വ. ഇഖ്ബാല്‍ അഹമ്മദ്, ഖുര്‍റം അനീസ് ഉമര്‍, കെ പി എ മജീദ് എം എല്‍ എ, പി എം എ സലാം, അഡ്വ. നൂര്‍ബിന റഷീദ്, അഡ്വ. ഫൈസല്‍ ബാബു, ടി പി അഷ്റഫലി, എസ് എച്ച് മുഹമ്മദ് അര്‍ഷദ്, ഡോ. മതീന്‍ ഖാന്‍, കെ എ എം അബൂബക്കര്‍, നവാസ് കനി എം പി, മുഹമ്മദ് തൗസീഫ്, എം എസ് എ ഷാജഹാന്‍, എം അബ്ദുല്‍ റഹ്മാന്‍, എം പി മൊയ്തീന്‍ കോയ എന്നിവര്‍ സംബന്ധിച്ചു.

