
ദുബൈ: യു.എ.ഇ-സിറിയ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചു. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദും യു.എ.ഇ വിദേശകാര്യ മന്ത്രിയും ദമസ്‌കസില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. നീണ്ടകാലമായി സിറിയയില്‍ ആഭ്യന്തര യുദ്ധം തുടരുകയാണ്. യുദ്ധത്തെ തുടര്‍ന്ന് യു.എ.ഇ ഉള്‍പ്പെടെ ഭൂരിഭാഗം അറബ് രാജ്യങ്ങളും ബശ്ശാറുല്‍ അസദ് ഭരണകൂടവുമായി അകന്നു നില്‍ക്കുകയായിരുന്നു. സമീപകാലത്ത് യുദ്ധത്തില്‍ അയവ് വന്നതും ആഭ്യന്തര ഐക്യത്തിനായുള്ള നീക്കം കരുത്താര്‍ജിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യു.എ.ഇ മന്ത്രിയുടെ ദമസ്‌കസ് സന്ദര്‍ശനം. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുളള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉയര്‍ന്നു വന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയുടെ ആഭ്യന്തര സുരക്ഷയും കെട്ടുറപ്പും പ്രധാനമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല പ്രതികരിച്ചു.


