
മനാമ: ബഹ്‌റൈനിലെ പുതുക്കിയ യാത്രാ മാനദണ്ഡം അനുസരിച്ച് ഇന്ത്യയില്‍നിന്ന് വരുന്ന യാത്രക്കാര്‍ താമസരേഖ കാണിക്കേണ്ടതില്ലെന്ന് എയര്‍ ഇന്ത്യ.
വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഇതു ബാധകമാണ്. പുതിയ വ്യവസ്ഥകള്‍ നവംബര്‍ 14 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയോ ബഹ്‌റൈനോ അംഗീകരിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ യാത്ര പുറപ്പെടും മുമ്പുള്ള കോവിഡ് പി.സി.ആര്‍ ടെസ്റ്റ് നടത്തേണ്ടതില്ല. ബഹ്‌റൈനില്‍ 10 ദിവസത്തെ ക്വാറന്റീനും ഇവര്‍ക്ക് ആവശ്യമില്ല. സര്‍ട്ടിഫിക്കറ്റില്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ക്യു.ആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
വാക്‌സിന്‍ സ്വീകരിക്കാത്ത ആറു വയസ്സിന് മുകളിലുള്ള യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ ലഭിച്ച നെഗറ്റിവ് പി.സി.ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് യാത്ര പുറപ്പെടുമ്പോള്‍ ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കറ്റില്‍ ക്യു.ആര്‍ കോഡ് ഉണ്ടായിരിക്കണം. സ്‌കാന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ പി.ഡി.എഫ് സര്‍ട്ടിഫിക്കറ്റും കൈവശമുള്ള പ്രിന്റൗട്ടും തുല്യമായിരിക്കണം. ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ അധികൃതര്‍ കര്‍ശന പരിശോധന നടത്തുന്നതിനാല്‍ യാത്രക്കാര്‍ ഇക്കാര്യത്തില്‍ സൂക്ഷ്മത പാലിക്കണമെന്ന് എയര്‍ ഇന്ത്യ ഓര്‍മിപ്പിച്ചു. ആറു വയസ്സില്‍ താഴെയുള്ളവര്‍ക്ക് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
വാക്‌സിന്‍ സ്വീകരിക്കാത്ത യാത്രക്കാര്‍ (12 വയസ്സിന് മുകളിലുള്ളവര്‍) താമസ സ്ഥലത്ത് 10 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം. വാക്‌സിന്‍ സ്വീകരിച്ചവരും അല്ലാത്തവരുമായ യാത്രക്കാര്‍ ബഹ്‌റൈനില്‍ എത്തിയാല്‍ മൂന്ന് പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തണം. ആദ്യത്തേത് വിമാനത്താവളത്തില്‍വെച്ചും രണ്ടാം ടെസ്റ്റ് അഞ്ചാം ദിവസവും മൂന്നാം ടെസ്റ്റ് 10ാം ദിവസവുമാണ് നടത്തേണ്ടത്. ഇതിന് 36 ദിനാറാണ് ഫീസ് അടക്കേണ്ടത്.


