

ഗോവ: പിന്നിട്ടുനിന്ന ശേഷം ശക്തമായി തിരിച്ചുവന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എലില്‍ ഈസ്റ്റ് ബംഗാളുമായി സമനിലയില്‍ പിരിഞ്ഞു (1-1). കളിയില്‍ പൂര്‍ണനിയന്ത്രണം നേടിയിട്ടും വിജയഗോള്‍ നേടാനായില്ല ബ്ലാസ്റ്റേഴ്‌സിന്. മികച്ച ആക്രമണക്കളിയായിരുന്നു തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഈസ്റ്റ് ബംഗാള്‍ പ്രതിരോധക്കാരന്‍ തോമിസ്ലാവ് മെര്‍സലയുടെ ഗോളില്‍ പിന്നിലായ ബ്ലാസ്റ്റേഴ്‌സ് നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചടിച്ചു. അല്‍വാരോ വാസ്‌കസിന്റെ സുന്ദര ഗോളിലായിരുന്നു സമനില. ഇതോടെ അഞ്ച് കളിയില്‍ ഒരു ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഏഴാമതെത്തി.

മുന്നേറ്റത്തില്‍ അല്‍വാരോ വാസ്‌കസ് അഡ്രിയാന്‍ ലൂണ സഖ്യത്തെ തന്നെ ഇവാന്‍ വുകോമനോവിച്ച് പരീക്ഷിച്ചു. മധ്യനിരയില്‍ സഹല്‍ അബ്ദുല്‍ സമദ്, പുയ്ട്ടിയ, ജീക്‌സണ്‍ സിങ് എന്നിവര്‍ക്കൊപ്പം കെ പ്രശാന്തും ആദ്യ പതിനൊന്നില്‍ ഉള്‍പ്പെട്ടു. പ്രതിരോധത്തില്‍ ഹര്‍മന്‍ജോത് കബ്രയ്ക്ക് പകരം സന്ദീപ് സിങ് ഇടംപിടിച്ചു. എനെസ് സിപോവിച്ച്, ജെസെല്‍ കര്‍ണെയ്‌റോ, മാര്‍കോ ലെസ്‌കോവിച്ച് എന്നിവരായിരുന്നു പ്രതിരോധത്തിലെ മറ്റുള്ളവര്‍. പരിക്കേറ്റ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമെസിന് പകരം പ്രഭ്‌സുഖന്‍ സിങ് വലയ്ക്ക് മുന്നിലെത്തി.

ഈസ്റ്റ് ബംഗാള്‍ മുന്നേറ്റത്തില്‍ അന്റോണിയോ പെരെസോവിച്ച്, ഹയോകിപ്, ഡാനിയേല്‍ ചുക്വു എന്നിവരായിരുന്നു. മധ്യനിരയില്‍ അമര്‍ജിത് കിയാം, സൗരവ് ദാസ്, ലാല്‍റിന്‍ലിയാനെ നാംതെ എന്നിവരും. പ്രതിരോധത്തില്‍ രാജു ഗെയ്ക്ക്വാദ്, തോമിസ്ലാവ് മെര്‍സല, ഫ്രാഞ്ചോ പ്രിസ്, ഹിര മൊണ്ടല്‍. ഗോള്‍ കീപ്പറായി ശങ്കര്‍ റോയിയും.
കളിയുടെ മൂന്നാം മിനിറ്റില്‍തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തകര്‍പ്പനൊരു മുന്നേറ്റം കണ്ടു. വാസ്‌കസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലുടെ പറന്നു. ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തെ ചിതറിക്കാന്‍ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. അഡ്രിയാന്‍ ലൂണ കൃത്യമായി ബോക്‌സിലേക്ക് പന്തൊഴുക്കി. ഇതിനിടെ ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ശങ്കര്‍ റോയിയുടെ ഫൗളില്‍ ബ്ലാസ്റ്റേഴ്‌സ് പെനല്‍റ്റിക്ക് വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. ഒമ്പതാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ അപകടകരമായ കോര്‍ണര്‍ കിക്ക് ജീക്‌സണ്‍ തല കൊണ്ട് കുത്തിയകറ്റി.
പതിനഞ്ചാം മിനിറ്റില്‍ വാസ്‌കസിലൂടെ ബ്ലാസ്റ്റേഴ്‌സ് വല കണ്ടതാണ്. റഫറി ആദ്യംഗോള്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് പിന്‍വലിച്ചു. പുയ്ട്ടിയയുടെ ക്രോസ് ഈസ്റ്റ് ബംഗാള്‍ താരം അമര്‍ജിത് കിയാമിന്റെ കൈയില്‍ തട്ടിയതിന് ഫ്രീകിക്ക് അനുവദിക്കുകയായിരുന്നു. പ്രശാന്തിന്റെ മനോഹര നീക്കമായിരുന്നു തുടക്കം. പ്രശാന്ത് ബോക്‌സില്‍ സഹലിന് പന്ത് നല്‍കി. സഹല്‍ ബോക്‌സിന് പിന്നിലേക്കിട്ടു. ലൂണ പതുക്കെ തട്ടി. പന്ത് പുയ്ട്ടിയയുടെ കാലില്‍. തകര്‍പ്പന്‍ ഷോട്ട് അമര്‍ജിത് കിയാമിന്റെ കൈയില്‍ തട്ടി ഗോള്‍മുഖത്ത് വാസ്‌കസിലേക്ക്. പന്ത് വലയിലേക്ക് തൊടുക്കുകയും ചെയ്തു വാസ്‌കസ്. തുടര്‍ന്ന് റഫറി ലൈന്‍ റഫറിയുമായി ചര്‍ച്ച ചെയ്ത് ഗോള്‍ പിന്‍വലിച്ചത്.
തൊട്ടുപിന്നാലെ ഈസ്റ്റ് ബംഗാള്‍ പ്രത്യാക്രമണം നടത്തി. പെരോസെവിച്ചിന്റെ വളഞ്ഞിറങ്ങിയ ഷോട്ട് ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഒറ്റക്കൈ കൊണ്ട് തട്ടിയകറ്റുകയായിരുന്നു.
അരമണിക്കൂര്‍ തികയുംമുമ്പ് രാജു ഗെയ്ക്ക്വാദിന്റെ ബോക്്‌സിലേക്കുള്ള ത്രോയില്‍നിന്ന് ഈസ്റ്റ് ബംഗാള്‍ മറ്റൊരു ആക്രമണം നടത്തി. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വിട്ടുകൊടുത്തില്ല. മറുവശത്ത് പ്രശാന്ത് വലതുവശത്ത് നടത്തിയ മുന്നേറ്റം ഈസ്റ്റ് ബംഗാള്‍ പ്രതിരോധം കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. ഇതിനിടെ കളിഗതിക്കെതിരായി ഈസ്റ്റ് ബംഗാള്‍ ഗോളടിച്ചു. ഗെയ്ക്ക്വാദിന്റെ ത്രോ ബോക്്‌സില്‍വച്ച് തോമിസ്ലാവ് മെര്‍സല തലകൊണ്ട് വലയിലേക്ക് ചെത്തിയിട്ടു. സിപോവിച്ചിന് തടയാനായില്ല.
ഗോള്‍ വഴങ്ങിയിട്ടും ബ്ലാസ്റ്റേഴ്‌സ് തളര്‍ന്നില്ല. ഈസ്റ്റ് ബംഗാള്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം നടത്തി. എന്നാല്‍ പ്രതിരോധക്കാരന്‍ എണെസ് സിപോവിച്ച് പരിക്കേറ്റ് മടങ്ങിയത് തിരിച്ചടിയായി. സിപോവിച്ചിന് പകരം നാല്‍പ്പത്തിനാലാം മിനിറ്റില്‍ അബ്ദുല്‍ ഹക്കു കളത്തില്‍ ഇറങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡും നേടി. മനോഹര ഗോളുമായി വാസ്‌കസ് ബ്ലാസ്റ്റേഴ്‌സിനെ തിരികെയെത്തിച്ചു. ബോക്‌സിന് പുറത്തുവച്ചുള്ള വാസ്‌കസിന്റെ ഒന്നാന്തരം ഷോട്ട് തോമിസ്ലാവിന്റെ തലയില്‍ തട്ടി വലയില്‍ പതിച്ചു. ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. കളി ഇടവേളയ്ക്ക് പിരിയുകയും ചെയ്തു.
രണ്ടാംപകുതിയില്‍ സഹലിന് പകരം ചെഞ്ചോ കളത്തിലെത്തി. രണ്ടാംപകുതിയുടെ തുടക്കത്തിലും ബ്ലാസ്റ്റേഴ്‌സിന് തന്നെയായിരുന്നു മുന്‍തൂക്കം. വലതുപാര്‍ശ്വത്തില്‍ സന്ദീപ് സിങ് നിരവധി ക്രോസുകള്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍മുഖത്തേക്ക് പായിച്ചു. ബോക്‌സില്‍ വാസ്‌കസ് ഗോളിനായി ശ്രമിച്ചെങ്കിലും ഈസ്റ്റ് ബംഗാള്‍ പ്രതിരോധം തടഞ്ഞു. പന്തിന്‍മേല്‍ ബ്ലാസ്റ്റേഴ്‌സിന് പൂര്‍ണ നിയന്ത്രണം കിട്ടി. മികച്ച ആക്രമണവും നടത്തി. 61-ാം മിനിറ്റില്‍ കളിയിലെ മൂന്നാം മാറ്റംവരുത്തി. സന്ദീപ് സിങ്ങിന് പകരം പ്രതിരോധത്തില്‍ നിഷു കുമാറെത്തി. കളിക്ക് വേഗം നല്‍കി ഈ പ്രതിരോധക്കാരന്‍. വലതുപാര്‍ശ്വത്തില്‍ തകര്‍പ്പന്‍ നീക്കങ്ങള്‍ നടത്തി. 70-ാം മിനിറ്റില്‍ പുയ്ട്ടിയയുടെ ത്രൂബോള്‍ പിടിച്ച് വാസ്‌കസ് ബോക്‌സില്‍ കയറിയെങ്കിലും പ്രതിരോധത്തെ മറികടക്കാനായില്ല. പിന്നാലെ പുയ്ട്ടിയയുടെ ഷോട്ട് പുറത്തുപോയി. 77-ാം മിനിറ്റില്‍ വാസ്‌കസിന്റെ ലോങ് റേഞ്ച് ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പറെ പരീക്ഷിച്ചു. കളി തീരാന്‍ പത്ത് മിനിറ്റി ശേഷിക്കെ രണ്ട് മാറ്റങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്‌സ് വരുത്തി. പ്രശാന്തിന് പകരം വിന്‍സി ബരെറ്റോയും വാസ്‌കസിന് പകരം ജോര്‍ജ് ഡയസും കളത്തിലെത്തി. മറുവശത്ത് ഈസ്റ്റ് ബംഗാള്‍ നീക്കങ്ങളെ പ്രഭ്‌സുഖന്‍ തടഞ്ഞു. 88-ാം മിനിറ്റില്‍ ജോര്‍ജ് ഡയസ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായി. വിജയഗോളിനായി ആഞ്ഞുശ്രമിച്ചെങ്കിലും ഈസ്റ്റ് ബംഗാള്‍ പ്രതിരോധം തടഞ്ഞു.
19ന് മുംബൈ സിറ്റി എഫ് സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

