
ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. ഹയ്യാ ഹയ്യാ എന്നു തുടങ്ങുന്ന ഗാനം യു എസ് ഗായിക ട്രിനിഡാഡ് കാര്‍ഡോണ, ആഫ്രോ ബീറ്റ്‌സ് ഐക്കണ്‍ ഡേവിഡോ, ഖത്തരി ഗായിക ആയിഷ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ അവസാന നറുക്കെടുപ്പിന് മുമ്പാണ് ഗാനം പുറത്തിറക്കിയത്.


അമേരിക്ക, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ശബ്ദങ്ങള്‍ ഒരുമിച്ചു കൊണ്ടുവരുന്നതിലൂടെ സംഗീതത്തിനും ഫുട്ബാളിനും ലോകത്തെ എങ്ങനെ ഒന്നിപ്പിക്കാനാവുമെന്ന് ഈ ഗാനം പ്രതിഫലിപ്പിക്കുന്നതായി ഫിഫ ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ കേ മദാതി പറഞ്ഞു.

ഫിഫയുടെ നവീകരിച്ച സംഗീത രീതികളുടെ ഭാഗമായി മള്‍ട്ടി സോംഗ് സൗണ്ട് ട്രാക്ക് ആവേശഭരിതരായ ആരാധകരെ മുമ്പെങ്ങുമില്ലാത്ത വിധം ഫിഫ ലോകകപ്പിന്റെ ആത്മാവിലേക്ക് അടുപ്പിക്കുമെന്നും കേ മേദാതി പറഞ്ഞു.
ഖത്തരി മരുഭൂമിയുടെ പശ്ചാതലത്തിലാണ് ഹയ്യ ഹയ്യ ബെറ്റര്‍ ടുഗെദര്‍ എന്ന ഗാനം ആരംഭിക്കുന്നത്. മരുഭൂമിയില്‍ ആഹ്ലാദിച്ചും ഖത്തരി പാരമ്പര്യമായ മത്സ്യബന്ധനത്തിന്റെ പശ്ചാതലത്തിലുമെല്ലാം ഗാനം ചിത്രീകരിച്ചിട്ടുണ്ട്. മൂന്നു മിനുട്ടും മുപ്പത്തിയഞ്ച് സെക്കന്റുമാണ് ഗാനമുള്ളത്.

