കെ എസ് സേതുമാധവന്‍ അന്തരിച്ചു

Web Desk
2 Min Read

ചെന്നൈ: ചലച്ചിത്ര സംവിധായകന്‍ കെ എസ് സേതുമാധവന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചലച്ചിത്ര കൃതികള്‍ക്ക് ചലച്ചിത്ര ഭാഷ്യം നല്കിയ സംവിധായകനാണ് അദ്ദേഹം.

city exchange

നിരവധി ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ നേടിയ അദ്ദേഹം ചെന്നൈയിലെ കോടമ്പാക്കം ഡയറക്ടേഴ്‌സ് കോളനിയിലെ വീട്ടിലായിരുന്നു വിശ്രമ ജീവിതം നയിച്ചത്. ഒന്നിലേറെ തവണ ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളുടെ ജൂറി ചെയര്‍മാനായ കെ എസ് സേതുമാധവന്‍ 2010ല്‍ ജെ സി ഡാനിയേല്‍ അവാര്‍ഡ് നേടിയിരുന്നു.

1951ല്‍ പുറത്തിറങ്ങിയ സേലം തിയേറ്റേഴ്‌സിന്റെ മമയോഗി എന്ന സിനിമയില്‍ രാമനാഥന്റെ സഹായിയായി സിനിമയിലെത്തിയ സേതുമാധവന്‍ സിംഹള ചിത്രമായ വീരവജയത്തിലൂടെയാണ് 1961ല്‍ സ്വതന്ത്ര സംവിധായകനായത്. അസോഷ്യേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ടി ഇ വാസുദേവന്‍ 1961ല്‍ നിര്‍മിച്ച ജ്ഞാനസുന്ദരിയായിരുന്നു സേതുമാധവന്റെ ആദ്യ മലയാള സിനിമ.

- Advertisement -
Ad image

കമല്‍ഹാസന്‍ മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത് സേതുമാധവന്റെ കണ്ണും കരളും എന്ന ചിത്രത്തിലാണ്. സത്യന്റെ മകനായി ബാലതാരമായാണ് കമല്‍ഹാസന്‍ കണ്ണും കരളും അഭിനയിച്ചത്. കന്യാകുമാരി എന്ന സേതുമാധവന്‍ ചിത്രത്തിലൂടെയാണ് യുവതാരമായി കമല്‍ഹാസന്‍ മലയാളത്തില്‍ രംഗത്തെത്തിയത്. ഇതേ സിനിമയിലാണ് ജഗതി ശ്രീകുമാറും അരങ്ങേറ്റം കുറിച്ചത്.

സിംഹള ഭാഷയിലുള്ള ജ്ഞാനസുന്ദരയില്‍ തുടങ്ങി 1995ല്‍ തെലുങ്ക് ചിത്രം സ്ത്രീ വരെ 64 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. സിംഹള, മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ട്.
സുബ്രഹമ്ണ്യം- ലക്ഷ്മി ദമ്പതികളുടെ മകനായി 1931ല്‍ പാലക്കാടാണ് കെ എസ് സേതുമാധവന്‍ ജനിച്ചത്. പാലക്കാട് വിക്ടോറിയ കോളജില്‍ നിന്നും ബോട്ടണിയില്‍ ബിരുദം നേടി. ഭാര്യ: വത്സല. മക്കള്‍: സന്തോഷ്, ഉമ, സോനുകുമാര്‍.
നിത്യകന്യക, മണവാട്ടി, അന്ന, ഓടയില്‍ നിന്ന്, സ്ഥാനാര്‍ഥി സാറാമ്മ, റൗഡി, അര്‍ച്ചന, നാടന്‍പെണ്ണ്, യക്ഷി, തോക്കുകള്‍ കഥപറയുന്നു, ഭാര്യമാര്‍ സൂക്ഷിക്കുക, കടല്‍പ്പാലം, അടിമകള്‍, അരനാഴികനേരം, ഒരു പെണ്ണിന്റെ കഥ, അനുഭവങ്ങള്‍ പാളിച്ചകള്‍, അച്ഛനും ബാപ്പയും, പണിതീരാത്ത വീട്, കലിയുഗം, അഴകുള്ള സെലീന, കന്യാകുമാരി, ചട്ടക്കാരി, നക്ഷത്രങ്ങളേ കാവല്‍, ഓപ്പോള്‍, അവിടുത്തെ പോലെ ഇവിടേയും, സുനില്‍ വയസ്സ് 20, വേനല്‍ക്കിനാവുകള്‍ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് കെ എസ് സേതുമാധവന്‍.

Share This Article
Leave a Comment
error: Content is protected !!