

ദോഹ: വരുന്ന വാരങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന ആശങ്കയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രികളിലെ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ആക്ടിംഗ് ചെയര്‍മാന്‍ ഡോ. അഹമ്മദ് മുഹമ്മദ് അറിയിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എല്ലാവര്‍ക്കും അറിയാവുന്നതുപോലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തുകയാണ്. അതുകൊണ്ടുതന്നെ ആശുപത്രിളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും. രോഗികളുടെ വര്‍ധനവിന് അനുസരിച്ച ചികിത്സ ഒരുക്കുന്നതിന്റെ ഭാഗമായി ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണെന്നാണ് അദ്ദേഹം പോസ്റ്റില്‍ പറയുന്നത്.

രോഗികള്‍ വര്‍ധിക്കുന്നുവെന്ന കാരണത്താല്‍ ഹമദ് മെഡിക്കല്‍ കോര്‍പറഷന്‍ അധിക സൗകര്യങ്ങള്‍ ആരംഭിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കകമോ പത്തു ദിവസത്തിനുള്ളിലോ 250ലേറെ കോവിഡ് രോഗികളെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. സി ഡി സി, ഹസം മിബൈരിക് ജനറല്‍ ഹോസ്പിറ്റല്‍, അതിന്റെ ഫീല്‍ഡ് ഹോസ്പിറ്റല്‍, ക്യൂബന്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നത്.
രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്നത് പുതിയ തരംഗത്തിന്റെ സൂചനകളാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ആവശ്യമുണ്ട്. കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമായി വരികയാണെങ്കില്‍ മിസഈദ് ഹോസ്പിറ്റലിലും റാസ് ലഫാനിലും മറ്റിടങ്ങളിലും കോവിഡ് രോഗികളെ ചികിത്സിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രോഗികളുടെ അടുത്തിടപഴകുന്നത് ഒഴിവാക്കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. മാസ്‌ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ നിര്‍ബന്ധമായും പാലിക്കുന്നതിലൂടെ രോഗവ്യാപനം കുറക്കാനാവും.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ കോവിഡ് രോഗികളുടെ വര്‍ധനവാണ് ഖത്തറില്‍ രേഖപ്പെടുത്തുന്നത്.
കോവിഡ് ബാധിച്ച് 68കാരനായ ഒരാള്‍ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന അദ്ദേഹത്തിന് ആവശ്യമായ ചികിത്സകള്‍ നല്കിയിരുന്നു.

