

പൈനാവ് ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയുടെ കൊലപാതകം അത്യന്തം ഖേദകരവും അപലപനീയവുമാണെന്നും വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പ്രയോഗ രീതിയില്‍ മാറ്റങ്ങളുണ്ടാകലാണ് സംഘര്‍ഷങ്ങളും കൊലപാതകങ്ങളും അവസാനിക്കാന്‍ വേണ്ടതെന്നും എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅഫര്‍ പറഞ്ഞു. എസ് എസ് എഫ് മുഖ പത്രമായ രിസാലയുടെ പ്രചരണ കാലവുമായി ബന്ധപ്പെട്ട് നടന്ന കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാഹ്യ ഇടപെടലുകളാണ് പലപ്പോഴും കാമ്പസുകളെ കൊലക്കളമാക്കുന്നത്. മാതൃ പാര്‍ട്ടിയുടെ രാഷ്ട്രീയ ലാഭത്തിനല്ല വിദ്യാര്‍ഥി സമൂഹത്തിന്റെ ക്ഷേമത്തിനാകണം കലാലയ രാഷ്ട്രീയം. ഹിംസയിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും കാമ്പസ് രാഷ്ട്രീയം വഴി മാറുമ്പോഴാണ് സംഘട്ടനങ്ങള്‍ സംഭവിക്കുന്നത്. സൗഹൃദങ്ങളുടെയും സംവാദങ്ങളുടെയും വേദിയാകേണ്ട കാമ്പസുകളെ കലാപ ഭൂമിയാക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫി പാലാഴി അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ കെ ബി ബഷീര്‍, പി ജാബിര്‍, എം ജുബൈര്‍ സംസാരിച്ചു.

