

കോഴിക്കോട്: പീഡനം നേരിട്ട യുവനടിക്ക് നീതി ലഭിക്കാന്‍ പൊതുസമൂഹം പിന്തുണ നല്‍കണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. ഡബ്ല്യു സി സി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഡ്വ. പി സതീദേവി.

സിനിമ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഒരുത്തരത്തിലുള്ള കുറവും സംഭവിച്ചിട്ടില്ല. തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ തയ്യാറാവണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആയതിനാല്‍ നിയമസഭയില്‍ വെക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ട്. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു നിയമം കേരളത്തില്‍ ആവശ്യമാണെന്നും സതീദേവി പറഞ്ഞു.

തുല്യ വേതനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ആവശ്യമാണെന്നും പറഞ്ഞ അഡ്വ. പി സതീദേവി ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മീഷന് അല്ലെന്നും കമ്മിറ്റി ആണെന്നും ഇപ്പോഴാണ് ബോധ്യപ്പെട്ടതെന്ന് ഡബ്ല്യു സി സി അംഗങ്ങള്‍ പറഞ്ഞു. യുവനടിക്ക് നീതി ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ക്ക് എല്ലാ കാര്യങ്ങളും ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നടി പാര്‍വതി തിരുവോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വനിത കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
പാര്‍വതി തിരുവോത്തിന് പുറമേ പത്മപ്രിയ, സയനോര, അഞ്ജലി മേനോന്, ദീദി ദാമോദരന്‍ തുടങ്ങിയവരാണ് വനിതാ കമ്മീഷന് അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്.

