NEWS
മുന്‍ ഫുട്ബാള്‍ താരം മലപ്പുറം അസീസ് അന്തരിച്ചു

മലപ്പുറം: കേരള ഫുട്ബാളിന്റെ സുവര്‍ണ്ണകാലത്തെ പ്രഗത്ഭ താരം മലപ്പുറം അസീസ് എന്ന മക്കരപ്പറമ്പ് കാവുങ്ങല്‍ അബ്ദുല്‍ അസീസ് (73) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.


1977ലെ പ്രഥമ ഫെഡറേഷന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കളിച്ച മലയാളി താരമായിരുന്നു അദ്ദേഹം. മൈസൂര്‍, സര്‍വീസസ്, ബംഗാള്‍, മഹാരാഷ്ട്ര ടീമുകള്‍ക്കായി കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ഫുട്ബാള്‍ ടീമിലേക്കുള്ള ക്ഷണം അദ്ദേഹം രണ്ടുതവണ നിരസിച്ചു.

പത്താം ക്ലാസ് കഴിഞ്ഞയുടന്‍ ബംഗളൂരുവിലെ എ എസ് സിയിലും മൈസൂര്‍ സന്തോഷ് ട്രോഫിയിലും കളിച്ചു. 1969ല്‍ മൈസൂര്‍ ബംഗാളിനെ തോല്‍പ്പിച്ച് സന്തോഷ് ട്രോഫി നേടുമ്പോള്‍ പ്രധാന താരമായിരുന്നു അബ്ദുല്‍ അസീസ്.
മുഹമ്മദന്‍സ്, ധാക്ക മുഹമ്മദന്‍സ്, ഓര്‍കെ മില്‍സ് ബോംബെ തുടങ്ങി നിരവധി ക്ലബ്ബുകള്‍ക്കുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ ആദ്യ കേരള ടീം അംഗം പരേതനായ കെ ചേക്കു അബ്ദുല്‍ അസീസിന്റെ സഹോദരനാണ്.





