വിദ്യാഭ്യാസ- പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. എം കെ പ്രസാദ് അന്തരിച്ചു

Web Desk
1 Min Read

കൊച്ചി: വിദ്യാഭ്യാസ- പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവുമായിരുന്ന പ്രൊഫ. എം കെ പ്രസാദ് അന്തരിച്ചു. കോവിഡ് ബാധിതനായി എറണാകുളത്ത് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. പുലര്‍ച്ചെയായിരുന്നു മരണം.

city exchange

പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അറിയപ്പെടുന്ന പ്രഭാഷകനും പ്രകൃതി സ്നേഹിയുമായിരുന്നു. കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളുടെ തുടക്കക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം.

സസ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം 30 വര്‍ഷത്തോളം വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന നിലകളില്‍ പ്രവര്‍ത്തിച്ചു. കോഴിക്കോട് സര്‍വകലാശാല പ്രോ വൈസ്ചാന്‍സലറായും മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനൊപ്പം സേവ് സൈലന്റ് വാലി പ്രചാരണത്തിന്റെ നേതൃ നിരയില്‍ പ്രവര്‍ത്തിച്ചു.

- Advertisement -
Ad image

പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററിന്റെ (ഐ ആര്‍ ടി സി) നിര്‍മ്മാണത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഗ്രന്ഥകാരനായ പ്രൊഫ. എം കെ പ്രസാദ് പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചും സൈലന്റ് വാലി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടുമായി ബന്ധപ്പെട്ടുമടക്കം നിരവധി രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്.

വീട്ടാവശ്യങ്ങള്‍ക്കുള്ള ഊര്‍ജ്ജത്തിന് പരമ്പരാഗത സ്രോതസുകളെ ആശ്രയിക്കണമെന്ന വാദക്കാരനായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ മില്ലേനിയം എക്കോസിസ്റ്റം അസസ്മെന്റ് ബോര്‍ഡില്‍ അഞ്ച് വര്‍ഷത്തിലധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. വേള്‍ഡ് വൈഡ് ഫണ്ട് ഓഫ് നേച്ചറിലെ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. വയനാട്ടിലെ എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ പ്രോഗ്രാം അഡൈ്വസറി കമ്മിറ്റി ചെയര്‍പേഴ്സനായിരുന്നു. ഗവര്‍ണമെന്റ് കൗണ്‍സിലിന്റെ സെന്റര്‍ ഓഫ് എന്‍വയണ്‍മെന്റ് എജുക്കേഷനിലും കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോര്‍ഡിലും അംഗമായിരുന്നു.

Share This Article
Leave a Comment
error: Content is protected !!