ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം ഉടന്‍ അവസാനിച്ചേക്കുമെന്ന് വിലയിരുത്തല്‍

Web Desk
1 Min Read

ദോഹ: ഒമിക്രോണ്‍ കേസുകളുടെ വര്‍ധന ഉടന്‍ അവസാനിക്കുമെന്ന് പ്രഗത്ഭന്റെ വിലയിരുത്തല്‍. നേരത്തെയുണ്ടായ കോവിഡ് വ്യാപനവും വാക്‌സിനേഷന്റെ വര്‍ധനവും ഒമിക്രോണ്‍ വകഭേദത്തില്‍ നിന്നും മികച്ച രീതിയില്‍ പ്രതിരോധം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് ദിനപത്രമായ ദി പെനിന്‍സുലയുമായി സംസാരിക്കവെ വെയ്ല്‍ കോര്‍ണല്‍ മെഡിസിന്‍ ഖത്തര്‍ പ്രിന്‍സിപ്പലും പകര്‍ച്ചവ്യാധി വിഭാഗം ഗവേഷകനുമായ ഡോ. ലൈത്ത് ജമാല്‍ അബു റദ്ദാദാണ് ഇക്കാര്യം പറഞ്ഞത്.

city exchange

ഒമിക്രോണ്‍ വേഗത്തില്‍ വ്യാപിക്കുന്നുണ്ടെങ്കിലും അത് ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് കരുതേണ്ടതില്ല. ഏതാനും ആഴ്ചകള്‍ക്കകം തന്നെ ഒമിക്രോണിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും പുറത്തു കടക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലം നിലനില്‍ക്കാനാവാത്തതുകൊണ്ടുള്ള സ്വാഭാവിക പ്രവര്‍ത്തനമാണ് വേഗത്തിലുള്ള പകര്‍ച്ചയെന്നും അദ്ദേഹം വിശദീകരിച്ചു.

ഇങ്ങനെയൊക്കെയാണെങ്കിലും കോവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുകയെന്നത് എല്ലാവരും വളരെ പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയില്‍ കണ്ടെത്തിയ കൊറോണ വൈറസില്‍ നിന്നും രോഗാണുക്കള്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഓരോ രണ്ടോ മൂന്നോ മാസം കൂടുമ്പോഴും വലിയ മാറ്റങ്ങള്‍ സംഭവിച്ച വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മറ്റെല്ലാ വകഭേദങ്ങളില്‍ നിന്നും ഒമിക്രോണ്‍ തീര്‍ത്തും വ്യത്യസ്തമാണ്. വേഗത്തില്‍ വ്യാപിക്കുന്നുണ്ടെങ്കിലും ഗുരുതരമായ രോഗാവസ്ഥകള്‍ ഒമിക്രോണിനെ തുടര്‍ന്ന് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

വെയ്ല്‍ കോര്‍ണല്‍ മെഡിസിന്‍ ഖത്തറും മറ്റു ഖത്തരി സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ പഠനത്തില്‍ നേരത്തെ കോവിഡ് ബാധിച്ചവര്‍ക്ക് ഒമിക്രോണ്‍ വൈറസ് പിടിപെടാനുള്ള സാധ്യത 56 ശതമാനം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ കോവിഡ് ബാധയുണ്ടായിട്ടുണ്ടെങ്കില്‍ ഒമിക്രോണ്‍ പിടിപെടുന്നതിനെതിരെ സംരക്ഷണം ലഭ്യമാകുന്നുണ്ട്. നേരത്തെ കോവിഡ് ബാധിച്ചവര്‍ക്ക് ഒമിക്രോണ്‍ വകഭേദം പിടിപെട്ടാല്‍ പോലും 90 ശതമാനം വരെ കുറഞ്ഞ അളവില്‍ വളരെ ചെറിയ രൂപത്തില്‍ മാത്രമാണെന്നും ആശുപത്രിയില്‍ പോകേണ്ട ആവശ്യം വരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!