

കൊച്ചി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തരമായ ഇടപെടലുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാറിന്റെ ന്യൂഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇ-മെയില്‍ സന്ദേശം അയച്ചു. യമന്‍ പൗരനെ വധിച്ച കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ ജൂലായ് 16ന് നടപ്പാക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ കാണുന്നുവെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

കേവലം നിയമപ്രശ്‌നം എന്നതിനേക്കാള്‍ മാനുഷികമായ പ്രതിസന്ധിയെന്ന നിലയില്‍ നിമിഷ പ്രിയ വിഷയത്തെ കൈകാര്യം ചെയ്യണമെന്നും അടിയന്തരമായി ഉന്നതതല നയതന്ത്ര ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. നിമിഷപ്രിയയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വിലയിരുത്തണമെന്നും ദീര്‍ഘകാല പീഡനത്തിന് ഉള്‍പ്പെടെ വിധേയമായിയെന്ന ആരോപണം കൂടി വിലയിരുത്തണമെന്നും പ്രൊഫ. കെ വി തോമസ് എഴുതി. വധശിക്ഷയുടെ വിവരമറിഞ്ഞ് നിമിഷ പ്രിയയുടെ കുടുംബം മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും ഇന്ത്യാ സര്‍ക്കാറിന്റെ ഇടപെടലിലൂടെ മാത്രമേ വിധി മാറ്റാനും ജീവന്‍ രക്ഷിക്കാനും സാധിക്കുകയുള്ളുവെന്നും പ്രൊഫ. കെ വി തോമസ് പറഞ്ഞു.

ഇന്ത്യയുടെ ദീര്‍ഘകാല നയതന്ത്ര മികവും ധാര്‍മിക നേതൃത്വവും ഉപയോഗപ്പെടുത്തി അര്‍ഥവത്തായ പ്രവര്‍ത്തനങ്ങളിലൂടെ അടിയന്തരമായി ഇടപെടാനും വധശിക്ഷ നിര്‍ത്തിവെപ്പിക്കാനും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതോടൊപ്പം നയതന്ത്ര വഴികളും പ്രാദേശിക ശ്രമങ്ങളും തുടരാനും ഔദ്യോഗിക പിന്തുണയും ചര്‍ച്ചകളും വഴി ദിയ ധനം കൈമാറാനുള്ള വഴിയുണ്ടാകണമെന്നും അഭ്യര്‍ഥിച്ചു. മുഴുവന്‍ തുകയും വേഗത്തില്‍ കൈമാറുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വിശദമാക്കി.
ഇന്ത്യക്കാരിയായ യുവതിയുടെ ജീവിതത്തിനും മരണത്തിനും ഇടയിലുള്ളൊരു സംഗതിയാണ് നിലനില്‍ക്കുന്നതെന്നും കേരളം പ്രധാനമന്ത്രിയുടെ നേതൃത്വപരമായ കഴിവുകളെ പ്രതീക്ഷയോടെ കാണുകയാണെന്നും അദ്ദേഹം കത്തില്‍ വിശദമാക്കി.

