തലശ്ശേരി കോട്ടയില്‍ നാടുനീങ്ങിയ സ്വാതി തിരുനാളിന്റെ മുന്‍ഗാമിയെ തേടി കോട്ട ഗവേഷകന്‍

Web Desk
2 Min Read

തലശ്ശേരി: സ്വാതിതിരുനാള്‍ മഹാരാജാവിന്റെ മുന്‍ഗാമി വിശാഖം തിരുനാള്‍ നാടുനീങ്ങിയത് തലശ്ശേരി കോട്ടയിലാണെന്ന ചരിത്രത്തില്‍ അന്വേഷണവുമായി കേരളത്തിലെ കോട്ടകളെ കുറിച്ച് ഗവേഷണം നടത്തുന്ന സി പി എഫ് വേങ്ങാട്. തിരുവനന്തപുരം സെന്‍ട്രല്‍ ആര്‍ക്കൈവ്‌സില്‍ നിന്നും കണ്ടെത്തിയ ഒരു രേഖയില്‍ ‘തലശ്ശേരിക്ക് താമസിക്കവേ നാടുനീങ്ങിയ വിശാഖം തിരുനാള്‍ അണ്ണന്റെ തീരുമാനത്തിന് അടിയന്തിരം കഴിപ്പിക്കേണ്ട സംഗതിക്കുള്ള നീട്ട്’ എന്ന പരാമര്‍ശമാണ് സി പി എഫ് വേങ്ങാടിനെ പുതിയ ചരിത്ര ദൗത്യത്തിലേക്ക് എത്തിച്ചത്.

city exchange

2022 ജനുവരി ഒന്നിന് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത കുറിപ്പിലാണ് അദ്ദേഹം തന്റെ അന്വേഷണ വിവരം അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹം തലശ്ശേരിയില്‍ നാടുനീങ്ങിയ തിരുവിതാംകൂര്‍ രാജകുടുംബാംഗത്തെ കണ്ടെത്തുകയായിരുന്നു. മാവേലിക്കര കൊട്ടാരത്തിലെ വിശാഖം തിരുനാള്‍ കേരളവര്‍മയാണ് തലശ്ശേരിക്കോട്ടയില്‍ ബ്രിട്ടീഷുകാരുടെ തടവില്‍ കിടക്കവെ നാടുനീങ്ങിയത്.

തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നീട്ടിനെ കുറിച്ച് സി പി എഫ് വേങ്ങാട് അന്വേഷണം ആരംഭിച്ചിട്ട് നാളുകളായി. അതേ തുടര്‍ന്നാണ് അദ്ദേഹം രാജാവിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. തിരുവിതാംകൂര്‍ രാജകുടുംബാംഗം തലശ്ശേരിയില്‍ നാടുനീങ്ങിയതെങ്കില്‍ അദ്ദേഹത്തെ പള്ളിയടക്കം ചെയ്തത് എവിടെ തുടങ്ങിയ കാര്യങ്ങളുടെ ഗവേഷണത്തിലാണ് സി പി എഫ് വേങ്ങാട് ഇപ്പോള്‍.

- Advertisement -
Ad image

ബ്രിട്ടീഷുകാര്‍ക്കെതിരെ ലഹള നടത്തിയ വേലുത്തമ്പി ദളവയെ സഹായിച്ചതിന്റെ പേരിലാണ് സ്വാതിതിരുനാളിന്റെ മുന്‍ഗാമിയെ തലശ്ശേരി കോട്ടയില്‍ ഇംഗ്ലീഷുകാര്‍ തടവിലിട്ടത്. തടവില്‍ കഴിയവെ അദ്ദേഹം നാടുനീങ്ങുകയായിരുന്നു. തലശ്ശേരി കോട്ടയുമായി ബന്ധപ്പെട്ട ഒരു രേഖയിലെ വിവരണം ഇതിനെ ബലപ്പെടുത്തുന്നതാണെന്നും സി പി എഫ് വേങ്ങാട് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

ആരാണ് സ്വാതിതിരുനാളിന്റെ മുന്‍ഗാമിയെന്നും എവിടെയായിരിക്കും പള്ളിയടക്കം ചെയ്തിട്ടുണ്ടാവുകയെന്നുമുള്ള അന്വേഷണത്തില്‍ മുന്‍ഗാമിയെ കണ്ടെത്തിയ സി പി എഫ് വേങ്ങാട് ഉടന്‍ പുതിയ വിവരങ്ങളുമായി രംഗത്തെത്തിയേക്കും.

കേരളത്തിലെ കോട്ടകളെ കുറിച്ച് സി പി എം വേങ്ങാട് എഴുതിയ ‘കേരളത്തിലെ കോട്ടകള്‍’ എന്ന കൈരളി ബുക്‌സ് പുറത്തിറക്കിയ പുസ്തകം ഇതിനകം മൂന്ന് പതിപ്പുകള്‍ പിന്നിട്ടു. കോട്ടകള്‍, നിലനില്‍ക്കുന്ന കോട്ടകള്‍, അവശിഷ്ടങ്ങളായവ, മണ്‍മറഞ്ഞവ, മയ്യഴിയിലെ കോട്ടകള്‍, തമിഴ്മണ്ണില്‍ തകരുന്ന കേരളദുര്‍ഗങ്ങള്‍ എന്നിങ്ങനെ ആറ് അധ്യായങ്ങളിലായാണ് കേരളത്തിലെ കോട്ടകളെ കുറിച്ച് സി പി എഫ് വേങ്ങാട് വിവരിക്കുന്നത്.

ചരിത്രത്തില്‍ ബിരുദം നേടിയ സി പി എഫ് വേങ്ങാടിന്റെ ഇഷ്ടവിഷയവും ചരിത്രവും ചരിത്രാന്വേഷണവുമാണ്. പത്രങ്ങളില്‍ റിപ്പോര്‍ട്ടറായും സബ് എഡിറ്ററായും പ്രവര്‍ത്തിച്ച അദ്ദേഹം വാരാന്തപ്പതിപ്പുകളിലും ആനുകാലികങ്ങളിലും ചരിത്ര സംബന്ധിയായ നിരവധി കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തലശ്ശേരി ചേറ്റംകുന്നിലെ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന സി കെ ലത്തീഫിന്റേയും സി പി ജമീലയുടേയും മകനാണ്. ചൊവ്വക്കാരന്‍ പുതിയപുരയില്‍ ഫിര്‍ഷാദ് എന്നാണ് സി പി എഫ് വേങ്ങാട് എന്ന തൂലികാ നാമത്തില്‍ എഴുതുന്ന ഇദ്ദേഹത്തിന്റെ മുഴവന്‍ പേര്. അഫീസയാണ് ഭാര്യ. താബിഷ് മകനാണ്.

Share This Article
Leave a Comment
error: Content is protected !!