

ദോഹ: പൊലീസ് പട്രോള്‍ വിഭാഗങ്ങള്‍ വിവരം ലഭ്യമായാല്‍ മൂന്നോ നാലോ മിനുട്ടിനകം സംഭവ സ്ഥലത്ത് എത്തിച്ചേരുമെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന് അറിയിച്ചു. കൂടുതല്‍ അപകടങ്ങളോ സംഭവങ്ങളോ നടക്കാന്‍ സാധ്യതയുള്ള താമസ- വ്യാപാര കേന്ദ്രങ്ങളിലാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ മുന്നറിയിപ്പുകള്‍ ലഭ്യമാകുന്നതോടെ വളരെ വേഗത്തില്‍ പ്രതികരിക്കുകയും മൂന്നോ നാലോ മിനുട്ടിനകം സ്ഥലത്തെത്തുകയും ചെയ്യുകയെന്നത് മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ വേഗതയാര്‍ന്ന പ്രവര്‍ത്തനമാണെന്നും ആഭ്യന്തര മന്ത്രാലയം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ടെക്നിക്കല്‍ ഓഫിസിലെ ഉദ്യോഗസ്ഥന് ഫസ്റ്റ് ലഫ്റ്റനന്റ് ഫഹദ് അല്‍ മന്‍സൂരി പറഞ്ഞു. ഖത്തര്‍ റേഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുരക്ഷയുടെ ഭാഗമായി രാജ്യത്തിന്റെ എല്ലാ ഭാഗത്തും 24 മണിക്കൂറും പൊലീസ് പട്രോള്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

