

ദോഹ: ഖത്തറിന്റെ നാവിക പാരമ്പര്യത്തിന്റെ ആഘോഷമായ കത്താറ പരമ്പരാഗത ദൗ ഫെസ്റ്റിവലിന്റെ 13-ാമത് പതിപ്പ് നവംബര്‍ 28 മുതല്‍ ഡിസംബര്‍ രണ്ടു വരെ കത്താറ ബീച്ചില്‍ നടക്കും.

അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ദൗ ഫെസ്റ്റിവലില്‍ ഖത്തറിന്റെ സമുദ്രപാരമ്പര്യത്തിന് ബഹുമാനം അര്‍പ്പിക്കുന്ന ആഘോഷമാണ്.

സാംസ്‌കാരിക പരിപാടികള്‍, കലാ പ്രദര്‍ശനങ്ങള്‍, പ്രകടനങ്ങള്‍, സംവേദനാത്മക വര്‍ക്ക്‌ഷോപ്പുകള്‍, സൗഹൃദ മത്സരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. രാജ്യത്തിന്റെ സമുദ്ര സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള നിരന്തരമായ പ്രതിബദ്ധതയുടെ തെളിവാണിത്.
കഴിഞ്ഞ വര്‍ഷം ഫിഫ ലോകകപ്പിനോടനുബന്ധിച്ചാണ് കത്താറ പരമ്പരാഗത ദൗ ഫെസ്റ്റിവലിന്റെ 12-ാമത് എഡിഷന്‍ അരങ്ങേറിയത്. ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ഇറാഖ്, യമന്‍, ഇന്ത്യ, തുര്‍ക്കി, ടാന്‍സാനിയ തുടങ്ങി നിരവധി രാജ്യങ്ങളുടെ സാന്നിധ്യം കഴിഞ്ഞ വര്‍ഷത്തെ പരിപാടിയെ മനോഹരമാക്കിയിരുന്നു. ഈ വര്‍ഷത്തെ എഡിഷനില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ഔദ്യോഗിക ലിസ്റ്റ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

