

വാഷിംഗ്ടണ്‍: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും യു എസ് പ്രസിഡന്റ് ജോ ബൈഡനും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചും തന്ത്രപരമായ സഹകരണത്തെ കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രാദേശിക- അന്തര്‍ദേശീയ സംഭവ വികാസങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. യു എസിന്റെ യഥാര്‍ഥ സുഹൃത്താണ് ഖത്തറെന്നും താന്‍ അധികാരമേറ്റതു മുതല്‍ മികച്ച ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മില്‍ പുലര്‍ത്തുന്നതെന്നും ബൈഡന്‍ പറഞ്ഞു. അരനൂറ്റാണ്ടു കാലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം പ്രസിഡന്റ് ബൈഡന്‍ എടുത്തുപറഞ്ഞു.

കഴിഞ്ഞ വര്‍ഷം പതിനായിരക്കണക്കിന് അഫ്ഗാനികളെ ഒഴിപ്പിക്കല്‍, സഹായം നല്കി ഗസയിലെ സ്ഥിരത സംരക്ഷിക്കല്‍ എന്നിവ ഉള്‍പ്പെടെ നിരവധി അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാനും ഖത്തര്‍ മുന്‍പന്തിയിലുണ്ടായിരുന്നതായി ബൈഡന്‍ ചൂണ്ടിക്കാട്ടി. ഫലസ്തീനികളുടെ ജീവന്‍ രക്ഷിക്കാനും മിഡില്‍ ഈസ്റ്റിന്റേയും ഗള്‍ഫ് മേഖലയുടേയും സുരക്ഷയും ആഗോള ഊര്‍ജ്ജവിതരണ സ്ഥിരതയും അഫ്ഗാന്‍ ജനതയെ പിന്തുണക്കുന്നതിനുള്ള ഉഭയകക്ഷി പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും വ്യാപാരം ശക്തിപ്പെടുത്തലും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ചര്‍ച്ചയായത്. അതോടൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ സഹകരണവും ചര്‍ച്ച ചെയ്തു.
ഖത്തര്‍ എയര്‍വെയ്‌സും ബോയിംഗും തമ്മില്‍ നടത്തിയ കരാറിനെ പ്രസിഡന്റ് ബൈഡന്‍ സ്വാഗതം ചെയ്തു. ബോയിംഗിന്റെ ഇതുവരെയുള്ള ഡീലുകളില്‍ ഏറ്റവും വലുതാണ് ഖത്തര്‍ എയര്‍വെയ്‌സുമായി കരാറായിരിക്കുന്നതെന്നും യു എസില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് കാരണമാകുമെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.
ഖത്തറിനെ അമേരിക്കയുടെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയാക്കാനുള്ള ലക്ഷ്യം കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്നും ബൈഡന്‍ അറിയിച്ചു.
ഖത്തറും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന 2022 വളരെ പ്രധാനമാണെന്ന് കൂടിക്കാഴ്ചയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു.
ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി, ശൈഖ് സൗദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി, അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി, മുഹമ്മദ് ബിന്‍ നാസര്‍ അല്‍ ഹജ്‌രി, ശൈഖ് മിശാല്‍ ബിന്‍ ഹമദ് അല്‍താനി എന്നിവര്‍ അമിറിനോടൊപ്പമുണ്ടായിരുന്നു. യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക് സുല്ലിവന്‍, സി ഐ എ ഡയറക്ടര്‍ വില്ല്യന്‍ ബേണ്‍സ്, മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്കന്‍ അഫയേഴ്‌സ് കോര്‍ഡിനേറ്റര്‍ ബ്രെറ്റ് മക് ഗുര്‍ക് എന്നിവര്‍ ബൈഡനോടൊപ്പവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

