അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

Web Desk
1 Min Read

ദുബൈ: എന്‍ ആര്‍ ഐ ബിസിനസുകാരനും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ നിര്യാതനായി. 80 വയസ്സായിരുന്നു. ദുബൈ ആസ്റ്റര്‍ ഹോസ്പിറ്റലില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

city exchange

നെഞ്ചുവേദനയെ തുടര്‍ന്ന് മന്‍ഖൂല്‍ ആശുപത്രിയില്‍ ശനിയാഴ്ച പ്രവേശിപ്പിച്ച അദ്ദേഹത്തിന് വാര്‍ധക്യസഹജമായ അസുഖങ്ങളുമുണ്ടായിരുന്നു. അന്ത്യനിമിഷങ്ങളില്‍ ഭാര്യ ഇന്ദിരാ രാമചന്ദ്രനും മകള്‍ ഡോ. മഞ്ജു രാമചന്ദ്രനും കൂടെയുണ്ടായിരുന്നു.

അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് സ്ഥാപകനായ രാമചന്ദ്രന്റെ 80-ാം പിറന്നാല്‍ ആഗസ്ത് മാസത്തിലാണ് അദ്ദേഹത്തിന്റെ ബര്‍ദുബൈയിലെ വീട്ടില്‍ ആഘോഷിച്ചത്. വൈശാലി, വാസ്തുഹാര, സുകൃതം തുടങ്ങി ഇരുപതിലേറെ സിനിമകള്‍ നിര്‍മിച്ചതിന് പുറമേ 13 സിനിമകളില്‍ വേഷമിടുകയും ഒരു സിനിമ സംവിധാനം നിര്‍വഹിക്കുകയും ചെയ്തിരുന്നു.

- Advertisement -
Ad image

മത്തുക്കര മൂത്തേടത്ത് വി കമലാകര മേനോന്റേയും രുഗ്മിണി അമ്മയുടേയും എട്ടുമക്കളില്‍ മൂന്നാമനായി 1942 ജൂലായ് 31ന് തൃശൂര്‍ ജില്ലയിലായിരുന്നു ജനനം. തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നിന്ന് ബിരുദവും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ രാമചന്ദ്രന്‍ ബാങ്ക് ഉദ്യോഗസ്ഥനായാണ് ജീവിതം ആരംഭിച്ചത്. കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് കുവൈത്തില്‍ ജോലി ചെയ്യുമ്പോഴാണ് അറ്റ്‌ലസുമായി സ്വര്‍ണ വിപണിയിലേക്ക് പ്രവേശിച്ചത്. ഗള്‍ഫ് യുദ്ധകാലത്ത് ബിസിനസ് തകര്‍ന്നെങ്കിലും വീണ്ടും ആദ്യം മുതല്‍ തുടങ്ങുകയായിരുന്നു.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കുടുങ്ങി 2015ല്‍ അറസ്റ്റിലായ രാമചന്ദ്രന്‍ മൂന്ന് വര്‍ഷം ദുബൈയില്‍ ജയില്‍ വാസം അനുഭവിച്ചു. 2018ലാണ് ജയില്‍ മോചിതനായത്.

അന്ത്യകര്‍മങ്ങള്‍ തിങ്കളാഴ്ച വൈകിട്ട് ദുബൈയില്‍ നടക്കും.

Share This Article
Leave a Comment
error: Content is protected !!