
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് യു എസ് പൗരന്മാരെയും അപകട സാധ്യതയുള്ള അഫ്ഗാനികളെയും ഒഴിപ്പിക്കാനുള്ള അമേരിക്കയുടെ പ്രതിബദ്ധത അചഞ്ചലമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. പലായനം ചെയ്യാനെത്തിയ ആയിരക്കണക്കിന് ആളുകളെ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് താലിബാന്‍ ഓടിച്ചതിന് പിന്നാലെയാണ് ബൈഡന്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്.

അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും തീവ്രവാദികളില്‍ നിന്ന് ഉയരുന്ന ഭീഷണിയില്‍ തന്റെ ഭരണകൂടത്തിന് പരിഭ്രമമില്ലെന്നും ബൈഡന്‍ പറഞ്ഞു.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ വിമാനത്താവളത്തിലും പരിസരത്തും കുറഞ്ഞത് 20 പേരെങ്കിലും മരിച്ചതായാണ് നാറ്റോ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ചിലര്‍ വെടിയേറ്റു വീണും മറ്റുചിലര്‍ തിക്കിലും തിരക്കിലും പെട്ടുമാണ് മരിച്ചത്.
അഫ്ഗാന്‍ വിഷയത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഇനിയും തെറ്റുകള്‍ സംഭവിച്ചേക്കാമെന്നും ബൈഡന്‍ പറഞ്ഞു.

