387 മാപ്പിള പോരാളികളെ രക്തസാക്ഷി പട്ടികയില്‍ നിന്നും പുറത്താക്കി

Web Desk
2 Min Read
26th September 1925: Moplah prisoners go to trial at Calicut on the Malabar Coast in India's south-western state of Kerala, charged with agitation against British Rule in India. (Photo by Topical Press Agency/Getty Images)

കൊച്ചി: 1921ലെ മലബാര്‍ സമര നേതാക്കളായ 387 പേരെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പട്ടികയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കിയതായി ഇംഗ്ലീഷ് ദിനപത്രം ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസല്യാരും ഉള്‍പ്പെടെയുള്ള 387 പേരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പട്ടിക അടങ്ങുന്ന ഡിക്ഷ്ണറിയില്‍ നിന്നും പുറത്തായത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ നിഘണ്ടുവിലെ അഞ്ചാം വാല്യം അവലോകനം ചെയ്ത മൂന്നംഗ പാനലാണ് മാപ്പിള സമര യോദ്ധാക്കളെ രക്തസാക്ഷി പട്ടികയില്‍ നിന്ന് പുറത്താക്കാന്‍ ശിപാര്‍ശ ചെയ്തത്. 1921ലെ മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും മതപരിവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മൗലികവാദ പ്രസ്ഥാനമാണെന്നും തോന്നിയതിനാലാണ് ഒഴിവാക്കാനുള്ള ശിപാര്‍ശയെന്നാണ് വിശദീകരണം.

city exchange

മലബാര്‍ കലാപവുമായി ബന്ധപ്പെട്ടവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളൊന്നും ദേശീയതയ്ക്ക് അനുകൂലമോ ബ്രിട്ടീഷ് വിരുദ്ധതയോ ആയിരുന്നില്ലെന്നും ശിപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു.
ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമായാണ് മലബാര്‍ കലാപത്തെ കാണുന്നതെന്നു പറഞ്ഞ റിവ്യൂ പാനല്‍ അത് വിജയിച്ചിരുന്നെങ്കില്‍ പ്രദേശത്ത് ഖിലാഫത്ത് സ്ഥാപിക്കപ്പെടുമായിരുന്നെന്നും ഇന്ത്യയ്ക്ക് ഒരു ഭാഗം നഷ്ടപ്പെടുമായിരുന്നെന്നുമാണ് വിശദീകരിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ശരീഅത്ത് കോടതി സ്ഥാപിക്കുകയും നിരവധി ഹിന്ദുക്കളുടെ തല വെട്ടുകയും ചെയ്ത കലാപകാരിയാണെന്നും പറയുന്നു. കലാപകാരികള്‍ മതേതര മുസ്‌ലിംകളേയും വെറുതെ വിട്ടില്ലെന്നും അവരുടെ കൈകളാല്‍ മരിച്ചവരെ അവിശ്വാസികളായാണ് കണ്ടതെന്നും പറയുന്നു. വിചാരണ നേരിടുന്ന നിരവധി മാപ്പിള രക്തസാക്ഷികള്‍ രോഗം മൂലമോ സ്വാഭാവിക കാരണങ്ങളാലോ ആണ് മരിച്ചതെന്നും പറയുന്നു. അതുകൊണ്ടുതന്നെ രക്തസാക്ഷികളായി കണക്കാക്കാന്‍ കഴിയില്ലെന്നും പാനല്‍ വിശദീകരിക്കുന്നു. വിരലിലെണ്ണാവുന്നവരെ മാത്രമാണ് സര്‍ക്കാര്‍ വധിച്ചതെന്നും പറയുന്നു.

പട്ടികയും നിഘണ്ടുവും ശിപാര്‍ശകള്‍ പ്രകാരം പരിഷ്‌ക്കരിക്കുമെന്ന് ഐ സി എച്ച് ആര്‍ ഡയറക്ടര്‍ (റിസര്‍ച്ച് ആന്റ് അഡ്മിനിസ്‌ട്രേഷന്‍) ഓം ജീ ഉപാധ്യായ് പറഞ്ഞു.
ഇന്ത്യയിലെ താലിബാന്‍ മനോഭാവത്തിന്റെ ആദ്യ പ്രകടനങ്ങളിലൊന്നാണ് മലബാര്‍ കലാപമെന്നാണ് ആര്‍ എസ് എസ് നേതാവ് രാം മാധവ് ഇതേക്കുറിച്ച് പ്രസ്താവിച്ചത്.
എന്നാല്‍ ബ്രിട്ടീഷുകാരോട് മാപ്പ് പറയാന്‍ വിസമ്മതിക്കുകയും നാടുകടത്തപ്പെടുന്നതിനേക്കാള്‍ രക്തസാക്ഷിത്വം തെരഞ്ഞെടുക്കുകയും ചെയ്ത ഒരു യോദ്ധാവാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നാണ് കേരള നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് വിശേഷിപ്പിച്ചത്.


വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി നടന്‍ പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വലിയ കോലാഹലങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് സംവിധായകന്‍ അലി അക്ബറിന്റെ നേതൃത്വത്തില്‍ സംഘപരിവാരത്തിന് അനുകൂലമായി വാരിയംകുന്നത്തിന്റെ വില്ലനായി മറ്റൊരു ചിത്രം പ്രഖ്യാപിക്കുകയും ചിത്രീകരണം പുരോഗമിക്കുകയും ചെയ്തിരുന്നു.

- Advertisement -
Ad image

രക്തസാക്ഷികളുടെ നിഘണ്ടു കാണാന്‍ ഇവിടെ പരിശോധിക്കുക:

Share This Article
Leave a Comment
error: Content is protected !!