
ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ദോഹയും അമേരിക്കയിലെ ഫിലഡെല്‍ഫിയയും തമ്മിലുള്ള പ്രതിദിന നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഫിലഡെല്‍ഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് 2026 ഓഗസ്റ്റ് 1 മുതല്‍ ആരംഭിച്ചതായി കമ്പനി അറിയിച്ചു.

വടക്കേ അമേരിക്കയിലെ ഖത്തര്‍ എയര്‍വേയ്‌സിന്റെ 14-ാമത്തെ ലക്ഷ്യസ്ഥാനമായ ഫിലഡെല്‍ഫിയയിലേക്കുള്ള സര്‍വീസില്‍ അത്യാധുനിക എയര്‍ബസ് എ350- 900 വിമാനമാണ് ഉപയോഗിക്കുന്നത്. അവാര്‍ഡ് നേടിയ ക്യുസ്യൂട്ട് ബിസിനസ് ക്ലാസും വിമാനയാത്രയ്ക്കിടെ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്ന സ്റ്റാര്‍ലിങ്ക് വൈഫൈ സംവിധാനവും വിമാനത്തിലുണ്ട്. ഇതിലൂടെ വടക്കേ അമേരിക്കയിലേക്കും അവിടെനിന്നും യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ മികച്ച യാത്രാനുഭവവും സൗകര്യവും ലഭ്യമാകുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി.

പുതിയ സര്‍വീസിലൂടെ ലോകമെമ്പാടുമുള്ള 160-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദോഹ വഴി എളുപ്പത്തില്‍ യാത്ര ചെയ്യാനാകുമെന്ന് കമ്പനി അറിയിച്ചു. അമേരിക്കന്‍ വിപണിയോടുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ ശക്തമായ പ്രതിബദ്ധതയുടെ ഭാഗമായാണ് സര്‍വീസ് പുനരാരംഭിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
ദോഹയില്‍ നിന്ന് രാവിലെ 7.30ന് പുറപ്പെട്ട് ഫിലഡെല്‍ഫിയയില്‍ ഉച്ചയ്ക്ക് 2.30ന് എത്തും.
ഫിലഡെല്‍ഫിയയില്‍ നിന്ന് രാത്രി 9.30ന് പുറപ്പെട്ട് ദോഹയില്‍ വൈകിട്ട് 5.00ന് എത്തിച്ചേരും.
ടിക്കറ്റ് ബുക്കിംഗ് ഖത്തര്‍ എയര്‍വേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ലഭ്യമാണ്. പുതിയ യാത്രക്കാരും നിലവിലെ യാത്രക്കാരും ഖത്തര്‍ എയര്‍വേയ്‌സ് പ്രിവിലേജ് ക്ലബ് അംഗത്വം ഉപയോഗപ്പെടുത്തി ഏവിയോസ് പോയിന്റുകള്‍ സമ്പാദിച്ച് ഖത്തര്‍ ഡ്യൂട്ടി ഫ്രീയിലെ ഷോപ്പിംഗ്, ഭക്ഷണം, സീറ്റ് അപ്‌ഗ്രേഡ്, അധിക ബാഗേജ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നേടാമെന്നും കമ്പനി അറിയിച്ചു.

