തലശ്ശേരിയിലെ കൊലപാതകം പ്രാദേശികമായ പ്രശ്‌നമെന്ന് കെ സുരേന്ദ്രന്‍

Web Desk
1 Min Read

കോഴിക്കോട്: തലശ്ശേരിയില്‍ സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് പ്രാദേശികമായ പ്രശ്‌നമാണെന്നും അതില്‍ ബി ജെ പിക്കോ ആര്‍ എസ് എസ്സിനോ ബന്ധമില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഭവത്തെ കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തണം.

city exchange

പ്രസംഗത്തിലെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് തലശ്ശേരി മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ ലിജീഷിനെ കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാവില്ല. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ സി പി എം നടത്തിയ കൊലപാതകങ്ങള്‍ മറച്ചുവെക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ ആര്‍ എസ് എസ്സിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

കണ്ണൂരില്‍ കഴിഞ്ഞ ദിവസം സി ഐ ടി യു പ്രവര്‍ത്തകര്‍ ഒരു കച്ചവട സ്ഥാപനം പൂട്ടിക്കുകയും സാധനം വാങ്ങാന്‍ വന്നയാളെ തല്ലി ഓടിക്കുകയും ചെയ്ത സംഭവം രാജ്യത്ത് മുഴുവന്‍ ചര്‍ച്ചയായിരുന്നു. കണ്ണൂരില്‍ തന്നെ തൊട്ടടുത്ത ദിവസം വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊന്ന സംഭവം ഞെട്ടലോടെയാണ് കേരളം കണ്ടത്. ബോംബ് എറിഞ്ഞതും മരിച്ചതും സി പി എം പ്രവര്‍ത്തകരായിരുന്നു. ഇതെല്ലാം മറച്ചുവെക്കാനാണ് തലശ്ശേരി കൊലപാതകം ബി ജെ പിയുടെ തലയില്‍ കെട്ടിവെക്കാന്‍ കോടിയേരി ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!