തലശ്ശേരിയില്‍ മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിക്കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം

Web Desk
2 Min Read

കൊച്ചി: തലശ്ശേരി പുന്നോലില്‍ മത്സ്യത്തൊഴിലാളിയായ സി പി എം പ്രവര്‍ത്തകന്‍ ഹരിദാസനെ ബി ജെ പി- ആര്‍ എസ് എസ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയതിനെ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിച്ചു. പുലര്‍ച്ചെ കടലില്‍ മീന്‍ പിടിക്കാന്‍ പോയി തിരിച്ചു വരുമ്പോഴാണ് നിരവധി തവണ വെട്ടി അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഒരു കാല്‍ അറുത്തു മാറ്റിയിരുന്നു. നിഷ്ഠുരമായ കൊലപാതകം നടത്തിയവരെയും അതിന് പ്രേരണ നല്‍കിയവരെയും അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ സംഭവത്തിന്റെ മറവില്‍ കണ്ണൂരിനെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ തടയാന്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറണം.

city exchange

കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന പാര്‍ട്ടി കൊലപാതകങ്ങളുടെ ഒടുവിലത്തെ ഇരയാണ് മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍. അദ്ദേഹം കൊല്ലപ്പെട്ടതോടെ ഒരു പാവപ്പെട്ട കുടുംബത്തിന്റെ ആശ്രയമാണ് ഇല്ലാതാക്കപ്പെട്ടത്. കൊലപാതക രാഷ്ട്രീയം അനേകം കുടുംബങ്ങളെയാണ് തകര്‍ക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കിഴക്കമ്പലത്ത് സി പി എമ്മുകാരുടെ മര്‍ദ്ദനമേറ്റ ട്വന്റി ട്വന്റി പ്രവര്‍ത്തകനും ദലിത് സമുദായാംഗവുമായ സി കെ ദീപു മരിച്ചത്. ഒരു മാസം മുമ്പ് ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന ധീരജ് എന്ന ദലിത് വിദ്യാര്‍ഥിയെ കൊന്നത് യൂത്ത് കോണ്‍ഗ്രസുകാരായിരുന്നു. മഹാരാജാസ് കോളജില്‍ എസ് ഡി പി ഐക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഭിമന്യുവും ദലിതനായിരുന്നു. ആലപ്പുഴയില്‍ ബി ജെ പി- ആര്‍ എസ് എസ് സംഘം അഡ്വ. കെ എസ് ഷാന്‍ എന്ന യുവാവിനെ കൊന്നതിന് പ്രതികാരമായി എസ് ഡി പി ഐക്കാര്‍ ഒ ബി സി മോര്‍ച്ച നേതാവ് അഡ്വ. രഞ്ജിത്തിനെ കൊലപ്പെടുത്തി. പെരിയയില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി പി എമ്മുകാരാണ് കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസുകാരാണ്. പാര്‍ട്ടി വിട്ടുപോയതിനാണ് ടി പി ചന്ദ്രശേഖരനെ സി പി എമ്മുകാര്‍ കൊലപ്പെടുത്തിയത്.

- Advertisement -
Ad image

ഇങ്ങനെ തുടരുന്ന കൊലപാതക രാഷ്ട്രീയ പരമ്പരയില്‍ ഇരകളാക്കപ്പെടുന്നവരില്‍ വലിയൊരു വിഭാഗം ദലിതരാണ്. 1980കളില്‍ തലശ്ശേരിയിലും കണ്ണൂരിലും നടന്ന ആര്‍ എസ് എസ്- സി പി എം സംഘട്ടനങ്ങളില്‍ കൊല്ലപ്പെട്ടവരിലും ഭൂരിപക്ഷവും പിന്നോക്കക്കാരോ ദലിതരോ ആണ്. മലബാറില്‍ മുസ്‌ലിം ചെറുപ്പക്കാരാണ് കൊല്ലപ്പെട്ടവരില്‍ മറ്റൊരു വിഭാഗം. കൊല്ലപ്പെടുന്നവരില്‍ ഭൂരിപക്ഷവും ദരിദ്ര കുടുംബങ്ങളില്‍ പെടുന്നവരുമാണ്. പാര്‍ട്ടികള്‍ക്ക് വേണ്ടി തല്ലാനും കൊല്ലാനും നടക്കുന്നവരും ദലിതരും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളുമാണ് എന്നതാണ് യഥാര്‍ഥ്യം. അതേസമയം സവര്‍ണരും സമ്പന്നരുമായ നേതാക്കളാണ് അക്രമങ്ങളും കൊലപാതകങ്ങളും ആസൂത്രണം ചെയ്തും ക്രിമിനലുകളെ സംരക്ഷിച്ചും നേട്ടം കൊയ്യുന്നത്.

ജനാധിപത്യത്തെ തകര്‍ക്കുന്ന കൊലപാതക- ക്രിമിനല്‍ രാഷ്ട്രീയം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു. ജനാധിപത്യ സംവിധാനത്തില്‍ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങള്‍ നിലപാടുകളുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആശയ സംവാദങ്ങളിലൂടെയാണ് എതിരാളികളെ നേരിടേണ്ടത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ വിശാലമായ ജനകീയ ഐക്യമുണ്ടാകണം. അതിലൂടെ മാത്രമേ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കഴിയൂ. ജനാധിപത്യത്തില്‍ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇടമില്ല എന്ന് ഉറക്കെ പറയണം. കൊലപാതക- ക്രിമിനല്‍ രാഷ്ട്രീയത്തിനെതിരെ കേരളത്തിലെ ജനങ്ങള്‍ രംഗത്ത് വരണമെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം പ്രസിഡന്റ്
അഡ്വ. കെ വി ഭദ്രകുമാരി, ജനറല്‍ സെക്രട്ടറി സണ്ണി എം കപിക്കാട് എന്നിവര്‍ അഭ്യര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!