
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരി അലക്സിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ രംഗത്ത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവ് മൂലം ഏറെ നാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അനന്യ വെളിപ്പെടുത്തിയിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കഴിഞ്ഞയാഴ്ച അനന്യ പരാതിയും നല്‍കിയിരുന്നു. പിന്നാലെയാണ് അനന്യയെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റെനെ മെഡിസിറ്റിയ്ക്ക് മുന്നിലാണ് ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മയുടെ പ്രതിഷേധം നടന്നത്. കുറ്റക്കാരനായ ഡോക്ടറെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. അനന്യ കൃത്യമായ വ്യക്തി ശുചിത്വം പാലിച്ചില്ലെന്ന ആശുപത്രിയുടെ ആരോപണം അംഗീകരിക്കാന്‍ കഴിയില്ല. നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ അറിയിച്ചു.
അനന്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ ആരോപിച്ചു. പലാരിവട്ടം പോലീസ് സ്റ്റേഷനില്‍ സംഭവത്തില്‍ അനന്യ പരാതി നല്‍കിയിരുന്നു. സര്‍ജറികള്‍ നടക്കുമ്പോള്‍ പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കണം. എന്നാല്‍ ഇവിടെ നിന്നും ഇത്തരത്തിലൊരു കൗണ്‍സിലിങ്ങും ലഭിച്ചില്ലെന്ന് അനന്യ പറഞ്ഞിരുന്നതായും സുഹൃത്തുക്കള്‍ ആരോപിച്ചു.
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ ആര്‍ജെയും ആക്ടിവിസ്റ്റുമായ അനന്യ കുമാരി അലക്സിനെ ഇന്നലെയാണ് കൊച്ചിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

