
ദോഹ: ജോണ്‍ അബ്രഹാം സാംസ്‌കാരിക വേദിയുടെ 2019ലെ ജോണ്‍ അബ്രഹാം പ്രവാസി അവാര്‍ഡ് ചലച്ചിത്ര സംവിധായകന്‍ മനോജ് കാനക്ക്. 50,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, വി.ടി. മുരളി, ജി.പി. രാമചന്ദ്രന്‍, സി.എസ്. വെങ്കിടേശ്വരന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അവാര്‍ഡ് വിതരണം ദോഹയില്‍ നടത്താനായിരുന്നു ഉദ്ദേശ്യമെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ അത് സാധ്യമല്ലാത്തതുകൊണ്ട്, ഈ മാസം അവസാനത്തോടെ കോഴിക്കോട്ട് നടക്കുന്ന പരിപാടിയില്‍ വിതരണം നടത്തും. രണ്ടു വര്‍ഷത്തിലൊരിക്കലാണ് ജോണ്‍ അബ്രഹാം സാംസ്‌കാരികവേദി അവാര്‍ഡ് നല്‍കുന്നത്.സിനിമാരംഗത്തെ ജനകീയമായ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ മേഖലയില്‍ ഉയര്‍ന്നുവരുന്ന സിനിമാപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ജോണ്‍ അബ്രഹാം പ്രവാസി അവാര്‍ഡ്. ചായില്യം, അമീബ, കെഞ്ചിറ എന്നിവയാണ് മനോജ് കാനയുടെ സിനിമകള്‍. നാടകാവതരങ്ങളിലൂടെയും മറ്റുമായി സാമാന്യജനങ്ങളില്‍നിന്ന് സമാഹരിക്കുന്ന പണംകൊണ്ടാണ് മനോജ് കാന ഈ മൂന്നു സിനിമകളും പൂര്‍ത്തിയാക്കിയത്. സൈനുല്‍ ആബിദീന്‍ (സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍) രക്ഷാധികാരിയും അന്‍വര്‍ ബാബു വടകര ചെയര്‍മാനും ജോപ്പച്ചന്‍ തെക്കേക്കൂറ്റ് കണ്‍വീനറും ശ്രീകല പ്രകാശന്‍ ട്രഷററുമായ സാംസ്‌കാരികവേദിയില്‍ വി.സി. ബീജ, അഹമ്മദ് പാതിരാപ്പറ്റ, എം.ടി. നിലമ്പൂര്‍, സുധീര്‍, ബിന്ദു കരുണ്‍, ഷീല ടോമി, ഷരീഫ് ചെരണ്ടത്തൂര്‍, മുസ്തഫ ഏലത്തൂര്‍, പ്രദോഷ് കുമാര്‍ എന്നിവര്‍ ഗവേണിങ് ബോഡി അംഗങ്ങളാണ്.

