

ആലുവ: കളമശ്ശേരി കിന്‍ഫ്ര പാര്‍ക്ക് ഇലക്ട്രോണിക്‌സ് സിറ്റിയില്‍ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനിടയില്‍ മണ്ണിനടിയില്‍ പെട്ടുപോയ അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടമരണത്തിനിടയാക്കിയ സംഭവത്തില്‍ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) ഉത്കണ്ഠ രേഖപ്പെടുത്തി. മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തില്‍ കമ്പനിക്കൊപ്പം സര്‍ക്കാരും ഉത്തരവാദിയാണെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി എറണാകുളം ജില്ലാ സെക്രട്ടറി ടി കെ സുധീര്‍ കുമാര്‍ കുറ്റപ്പെടുത്തി.

വിവിധ പദ്ധതികളുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അശ്രദ്ധമായും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് നടന്നിരുന്നതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. തൊഴിലാളികള്‍ തന്നെ അപകട സാധ്യത തിരിച്ചറിഞ്ഞ് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും തൊഴിലാളികളെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം പണിയെടുപ്പിക്കുകയായിരുന്നുവെന്നു സൂചനയുണ്ട്. എത്ര തൊഴിലാളികള്‍ അപകടത്തില്‍ പെട്ടു എന്ന വിവരം പോലും പോലീസിനെ അറിയിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നത് സമയബന്ധിതമായ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

