ഈത്തപ്പഴ രുചിയുടെ സൂഖ് വാഖിഫ് ദിനങ്ങള്‍ക്ക് ഇന്ന് തുടക്കം

Web Desk
1 Min Read

ഈത്തപ്പഴ ഫെസ്റ്റിവല്‍ രണ്ടാഴ്ച തുടരും

ദോഹ: ഈത്തപ്പഴ രുചിയുടെ വ്യത്യസ്ത ഭേദങ്ങള്‍ അറിയാന്‍ ഇന്നുമുതല്‍ സൂഖ് വാഖിഫിലെ ഫെസ്റ്റിവല്‍ നഗര്‍ സന്ദര്‍ശിക്കാം. ആറാമത് ഈത്തപ്പഴ ഫെസ്റ്റിവല്‍ രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കും. ഇന്ന് വൈകിട്ട് നാല് മണിക്കാണ് ഫെസ്റ്റിവല്‍ ആരംഭിക്കുക.
നിലവാരം അടിസ്ഥാനമാക്കിയാണ് ഈത്തപ്പഴ ഫെസ്റ്റിവലില്‍ പങ്കെടുക്കേണ്ടുന്ന ഫാമുകളെ തെരഞ്ഞെടുത്തതെന്ന് മുന്‍സിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷികകാര്യ വിഭാഗം അഗ്രികള്‍ച്ചറല്‍ ഗൈഡന്‍സ് ആന്റ് സര്‍വീസസ് തലവന്‍ അഹമ്മദ് അല്‍ യാഫി പറഞ്ഞു. ഇതിലൂടെ ഫെസ്റ്റിവലിലെത്തുന്ന ഈത്തപ്പഴത്തിന്റെ നിലവാരത്തിലും വ്യത്യസ്തതയിലും മികച്ച മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എഡിഷനുകളില്‍ പങ്കെടുത്ത പരിചയം ഉപയോഗിച്ച് നിരവധി ഫാമുകള്‍ക്ക് തങ്ങളുടെ ഉത്പന്നത്തിന്റെ നിലവാരത്തില്‍ വലിയ മികവുണ്ടാക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്തെ ഈത്തപ്പഴ ഫെസ്റ്റിവലില്‍ എണ്‍പതിലേറെ ഫാമുകളാണ് പങ്കെടുക്കുന്നത്. സൂഖ് വാഖിഫില്‍ അവസാനമായി ഫെസ്റ്റിവല്‍ അരങ്ങേറിയ 2019ല്‍ 65 ഫാമുകളാണ് പങ്കെടുത്തിരുന്നത്.
കാര്‍ഷിക മേഖലെ പിന്തുണക്കുന്നതിനായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ ഈന്തപ്പനകള്‍ ലഭ്യമാകുകയും പ്രാദേശിക ഈത്തപ്പഴ കര്‍ഷകരെ പിന്തുണക്കുകയും വ്യത്യസ്ത ഈത്തപ്പഴ ഇനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷം സൂഖ് വാഖിഫില്‍ ഈത്തപ്പഴ ഫെസ്റ്റിവല്‍ അരങ്ങേറിയിട്ടില്ലാത്തതിനാല്‍ കൂടുതല്‍ ഉപഭോക്താക്കളെ തങ്ങള്‍ പ്രതീക്ഷിക്കുന്നതായും ഈദുല്‍ അദ്ഹയും അതുമായി ബന്ധപ്പെട്ട അവധിയുമായതിനാല്‍ ആവശ്യക്കാര്‍ വര്‍ധിക്കുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.
പൊതുജനാരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് കോവിഡ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധ നടപടികള്‍ ഫെസ്റ്റിവല്‍ നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.
ഖലാസ്, അല്‍ ശിശി, അല്‍ ഖനീസി, ബര്‍ഹി, ഇറാഖി, സില്‍ജി, സുഫറി, നാബ്ത് സൈഫ്, അല്‍ സവാഫി, ഖുര്‍ദി തുടങ്ങി ഏറെ പ്രചാരമുള്ള പ്രാദേശിക ഇനങ്ങള്‍ വാഖിഫിലെ പ്രദര്‍ശനത്തില്‍ ലഭ്യമാകും.

city exchange
Share This Article
Leave a Comment
error: Content is protected !!