പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പത്തു മണിക്കൂര്‍ പവര്‍ കട്ട്

Web Desk
2 Min Read

കൊളംബോ: ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷമായതോടെ പത്തുമണിക്കൂര്‍ പവര്‍കട്ട് നടപ്പിലായി. ഇന്ധനക്ഷാമം, ജനറേറ്ററുകളുടെ ലഭ്യതക്കുറവ് എന്നിവ കണക്കാക്കിയാണ് ഇത്തരമൊരു നിയന്ത്രണത്തിന് നിര്‍ബന്ധിതരായതെന്ന് സിലോണ്‍ വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

city exchange

ഫെബ്രുവരി മുതല്‍ ശ്രീലങ്കയില്‍ പവര്‍കട്ട് നിലവിലുണ്ടായിരുന്നു. ജലവൈദ്യുത നിലയങ്ങളില്‍ വൈദ്യുതി ഉല്‍പാദനം കുറഞ്ഞതും ആവശ്യത്തിന് ഡീസല്‍ ഇല്ലാതെ താപവൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനത്തില്‍ തടസം നേരിട്ടതുമാണ് ഈ പ്രതിസന്ധിക്ക് കാരണമായി അധികൃതര്‍ പറയുന്നത്. രാജ്യം വലിയ അളവില്‍ ഡീസല്‍ ക്ഷാമം നേരിടുകയാണ്.

രാജ്യത്ത് മരുന്ന് ക്ഷാമവും രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. മധ്യ ശ്രീലങ്കന്‍ നഗരമായ കാണ്ഡിയിലെ പെരെദെനിയ ആശുപത്രിയില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ മരുന്നില്ലാത്തതിനാല്‍ മുടങ്ങിയിരിക്കുകയാണ്. അനസ്തേഷ്യയ്ക്ക് നല്‍കേണ്ട മരുന്ന് ഉള്‍പ്പെടെയാണ് തീര്‍ന്നത്.

- Advertisement -
Ad image

അതേസമയം മരുന്നില്ലാത്തതിനാല്‍ ശസ്ത്രക്രിയ മുടങ്ങിയ ആശുപത്രിക്ക് ഇന്ത്യ അടിയന്തര സഹായം എത്തിച്ചിരുന്നു. ക്ഷാമം രൂക്ഷമായ ശ്രീലങ്കയ്ക്ക് സഹായ വാഗ്ദാനവുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ കൊളംബോയിലെത്തി ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഗോപാല്‍ ബാഗ്ലായിയോട് സഹായമെത്തിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

രാജ്യത്ത് പാചക വാതക ക്ഷാമം അതിരൂക്ഷമാണ്. പാചകവാതക വിതരണം ഇപ്പോള്‍ ആഴ്ചയിലൊരിക്കലായി കുറഞ്ഞിരിക്കുകയാണ്. എല്ലാവരും പുലര്‍ച്ചെ നാല് മണി മുതല്‍ ആരംഭിക്കുന്ന ക്യൂവില്‍ നിന്നാണ് ഗ്യാസ് വാങ്ങുന്നത്. ഒരേസമയം 300 ടോക്കണുകളാണ് നല്‍കുക. ആയിരത്തിലേറെ പേരുള്ള ക്യൂവിലാണ് മുന്നൂറ് ടോക്കണ്‍ മാത്രം വിതരണം ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധികളാല്‍ വലയുന്ന ലങ്കക്കാര്‍ അഭയം തേടി ബോട്ടുകളിലും മറ്റും കടല്‍ കടന്ന് ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. പലായനം ചെയ്ത ഒരു ഡസനിലധികം ആളുകളാണ് കഴിഞ്ഞ ആഴ്ച തമിഴ്‌നാട്ടിലെ രാമേശ്വരത്ത് എത്തിയത്.

ഇന്ധന ക്ഷാമം മൂലം സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തി. സര്‍ക്കാര്‍ സര്‍വീസുകളും താറുമാറായി. ചില ട്രെയിന്‍ സര്‍വീസുകളെയും പ്രതിസന്ധി ബാധിച്ചു. ഇന്ധനവില ഉയരുന്നത് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. വരുന്ന പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി എല്ലാവര്‍ക്കുമായി സര്‍ക്കാര്‍ എന്തെങ്കിലും സാമ്പത്തിക സഹായം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ചൈനയില്‍ നിന്ന് അരി, പെട്രോള്‍, ഗ്യാസ് എന്നിവ ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

എന്നാലും, പ്രതിസന്ധി കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ റനില്‍ വിക്രമസിംഗെ മുന്നറിയിപ്പ് നല്‍കുന്നു. രാജപക്‌സെ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ തലതിരിഞ്ഞ നടപടികളെ കുറ്റപ്പെടുത്തിയ റനില്‍ വിക്രമസിംഗെ ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തിയതായും പറഞ്ഞു.

ഇന്ത്യന്‍, ചൈനീസ് ക്രെഡിറ്റ് ലൈനുകളിലൂടെ ബാങ്കിംഗ് നടത്തുന്നുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മിലിന്ദ രാജപക്‌സെ പറയുന്നു. ഏപ്രില്‍ ആദ്യവാരം ധനമന്ത്രി ലോകബാങ്കിന്റെയും ഐ എം എഫിന്റെയും മേധാവികളുമായി കൂടിക്കാഴ്ച നടത്തും. ഒരു പുനര്‍നിര്‍മ്മാണ പദ്ധതിയെക്കുറിച്ച് ഐ എം എഫുമായി ഇതിനകം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!