

കോഴിക്കോട്: പാലക്കാട് സുബൈര്‍ വധക്കേസില്‍ പൊലിസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും മറ്റാരുടെയോ താല്‍പര്യത്തിന് വഴങ്ങി കേസന്വേഷണം മൂന്ന് പേരില്‍ ഒതുക്കാനുള്ള ആസൂത്രിത നീക്കമാണ് നടത്തുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ് ആരോപിച്ചു.

എ ഡി ജി പി വിജയ് സാഖറെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് കെട്ടുകഥയാണ്. ആര്‍ എസ് എസുമായി നടത്തിയിട്ടുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് മൂന്നുപേരില്‍ അന്വേഷണം ഒതുക്കാനുള്ള ശ്രമം നടക്കുന്നത്. കേസില്‍ പൊലിസ് ഭാഷ്യം പരിഹാസ്യമാണ്. മൂന്നുമാസം മുമ്പുതന്നെ സുബൈറിനെ വധിക്കാന്‍ ഗുഢാലോചന നടന്നുവെന്ന വിവരം പുറത്തുവന്നിട്ടും പോലിസ് അത്തരത്തിലുള്ള അന്വേഷണം നടത്തുന്നില്ല. മൂന്നു പ്രതികള്‍, രണ്ട് കാര്‍, നാല് വാളുകള്‍ എന്ന പോലിസിന്റെ വാദം എങ്ങനെയാണ് വിശ്വസനീയമാവുക.

സുബൈര്‍ പള്ളിയില്‍ നിന്നും ഇറങ്ങിവരുന്നതായി കൊലയാളികള്‍ക്ക് വിവരം നല്‍കിയത് ആരാണ്. കൊലപാതകം നടന്ന സ്ഥലത്തിനുള്ള സമീപമുള്ള സി സി ടി വി തകര്‍ത്തത് ആരാണ്. കാറിന് ഡ്രൈവര്‍ വേണമെന്നിരിക്കെ നാല് വാള്‍ ഉപയോഗിച്ചത് ആരാണ്. സഞ്ജിത്തിന്റെ കാര്‍ കുടുംബത്തിന്റെ അനുമതിയില്ലാതെ കൊലയാളികള്‍ക്ക് ലഭിക്കുന്നതെങ്ങനെ. സഞ്ജിത്തിന്റെ ആയുധങ്ങള്‍ വീട്ടില്‍ നിന്നും എടുത്തുനല്‍കിയത് ആരാണ്. ഗുഢാലോചനയില്‍ സഞ്ജിത്തിന്റെ കുടുംബത്തിന്റെ പങ്കാളിത്തം ഉറപ്പായിട്ടും അവരെ ചോദ്യം ചെയ്യുകയോ അന്വേഷണ പരിധിയില്‍ കൊണ്ടുവരികയോ ചെയ്യാത്തതെന്താണ് തുടങ്ങിയ ചോദ്യങ്ങളും സി എ റഊഫ് ഉന്നയിച്ചു.
ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഗുഢാലോചനയില്‍ പങ്കാളിയാണെന്ന് ഭരണകക്ഷിയുടെ ജില്ലാ സെക്രട്ടറി തന്നെ ചൂണ്ടിക്കാട്ടിയിട്ടും പൊലിസ് മൗനം തുടരുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ്. സുബൈറിന്റെ കൊലപാതകം നടന്ന ദിവസം ജില്ലയിലെ ബി ജെ പി, ആര്‍ എസ് എസ് നേതാക്കള്‍ നാട്ടില്‍നിന്നും മാറിനിന്നത് ആരു നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. കൊലപാതകത്തിന് ശേഷം മൂന്നാമതൊരു വാഹനം അരീക്കോട് വഴി പോയതായി പോലിസ് വ്യക്തമാക്കിയിരുന്നു. ആ വാഹനത്തെ കുറിച്ച് പിന്നിട്ടും മൗനം തുടര്‍ന്നത് ആരെ രക്ഷിക്കാനാണ്.
കഞ്ചിക്കോട് നിന്നും പ്രതികള്‍ക്ക് വാഹനവും ഒളിവില്‍ കഴിയാനുള്ള സാഹചര്യവും ഒരുക്കി നല്‍കിയത് ആരാണ്. ഇങ്ങനെ നിരവധിയായ സംശയങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് മൂന്നുപേരില്‍ അന്വേഷണം ഒതുക്കി ആര്‍ എസ് എസിന് പാദസേവ നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പണിപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

