

എടമുട്ടം: ഗുരുതര കിഡ്നിരോഗ ബാധിതരും കുടുംബങ്ങളും നേരിടുന്ന പ്രശ്നങ്ങളില്‍ അഭിമുഖീകരിക്കുന്നതില്‍ രാജ്യം വലിയ വെല്ലുവിളി നേരിടുകയാണെന്ന് ഡി എം ഒ ഡോ. എന്‍ കെ കുട്ടപ്പന്‍. പാലിയേറ്റീവ് പരിചരണ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ ഡയാലിസിസ് സെന്ററിന്റെ ഒന്നാം വാര്‍ഷികവും പുതിയ ഡയാലിസിസ് മെഷീനിന്റെ സമര്‍പ്പണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ കാര്യത്തില്‍ മുന്‍പന്തിയിലുള്ള നമ്മുടെ സംസ്ഥാനത്ത് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ ഡയാലിസിസ് അടക്കമുള്ള ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും വര്‍ധിച്ച ആവശ്യങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമാകുന്നില്ലെന്നതാണ് സ്ഥിതി. ഈ ഘട്ടത്തില്‍ സമൂഹത്തിന്റെ ഒന്നായുള്ള പരിശ്രമത്തിലൂടെ മാത്രമേ പെട്ടെന്നുള്ള പരിഹാരം കാണാനാകൂ. സൗജന്യ ഡയാലിസിനപ്പുറം രോഗികളുടെയും കുടുംബങ്ങളുടെയും മറ്റു ബുദ്ധിമുട്ടുകള്‍ക്കുകൂടി പരിഹാരം കാണുന്ന ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും ഡയാലിസിസ് സെന്ററിന്റെയും പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത് വേറിട്ട പ്രവര്‍ത്തനമായി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ എം നൂര്‍ദീന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പുതിയ ഡയാലിസിസ് മെഷീന്‍ സമര്‍പ്പിച്ച ആല്‍ഫ പാലിയേറ്റീവ് കെയര്‍ മാള ലിങ്ക് സെന്ററിന്റെ രക്ഷാധികാരിയും ദീര്‍ഘകാലം യു എ ഇ ആല്‍ഫ പാലിയേറ്റീവ് കൗണ്‍സിലിന്റെ എക്സിക്യുട്ടീവ് അംഗവുമായ ജോര്‍ജ് അമ്പൂക്കനെയും ഭാര്യ എല്‍സി ജോര്‍ജിനെയും ഡി എം ഒ പൊന്നാട ചാര്‍ത്തി ആദരിച്ചു. കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ ജോര്‍ജ് അമ്പൂക്കനെ സദസ്സിനു പരിചയപ്പെടുത്തി. കിഡ്നി ദാനത്തിന് സമ്മതം നല്‍കി വാര്‍ത്തകളില്‍ ഇടംപിടിച്ച പുള്ള് സ്വദേശി ഷൈജു സായ്‌റാമിനെ ജോര്‍ജ് അമ്പൂക്കന്‍ പൊന്നാടയും മെമന്റോയും നല്‍കി ആദരിച്ചു.
കോവിഡ് ബാധിതര്‍ക്കായി നാലാമതൊരു ഷിഫ്റ്റ് കൂടി പ്രവര്‍ത്തിച്ച് ഡയാലിസിസ് സേവനം ലഭ്യമാക്കിയ ജീവനക്കാരെ ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആല്‍ഫ ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ അംഗങ്ങളായ കെ എ കദീജാബി, വി ജെ തോംസണ്‍ തുടങ്ങിയവര്‍ ആദരിച്ചു.
ചടങ്ങില്‍ ഡയാലിസിസ് എക്സിക്യുട്ടീവ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി എഫ് ജോയ് സ്വാഗതവും സെക്രട്ടറി ജയരാജന്‍ പുന്നപ്പുള്ളി റിപ്പോര്‍ട്ടും ട്രഷറര്‍ എം കെ രാജീവ് നന്ദിയും പറഞ്ഞു.
2021 ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച ആല്‍ഫ ഡയാലിസിസ് സെന്റര്‍ 2021ല്‍ 10650 ഡയാലിസിസ് സര്‍വീസുകള്‍ സൗജന്യമായി നല്‍കിക്കഴിഞ്ഞു. നിലവില്‍ 19 മെഷീനുകളില്‍ മൂന്നു ഷിഫ്റ്റുകളിലായി പ്രതിമാസം 1300ല്‍പ്പരം സൗജന്യ ഡയാലിസിസുകളാണ് നടത്തുന്നത്. പുതിയ മെഷീന്‍ സമര്‍പ്പിച്ചതോടെ 20 ഡയാലിസിസ് മെഷീനുകളാകും. 32 മെഷീനുകളും 2500 പ്രതിമാസ സൗജന്യ ഡയാലിസിസുകളും എന്നതാണ് സെന്റിന്റെ ലക്ഷ്യം.
സൗജന്യ ഡയാലിസിസിനു പുറമെ രോഗികള്‍ക്ക് വാഹന സൗകര്യം, കുത്തിവയ്പുകള്‍, പ്രതിമാസ മെഡിക്കല്‍ ചെക്കപ്പ് എന്നിവയും സൗജന്യമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ കുടുംബക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു സേവനങ്ങള്‍ക്കുമായി ഡയാലിസിസ് സ്പോണ്‍സര്‍ ചെയ്യുന്നരുടെ കൂട്ടായ്മയായ ഹാപ്പിനെസ് ക്ലബ്ബിനും ആല്‍ഫ രൂപം നല്‍കിയിട്ടുണ്ട്.

