

ജറുസലേം: ജൂത സന്ദര്‍ശനങ്ങള്‍ പുനഃരാരംഭിച്ചതോടെ മസ്ജിദുല്‍ അഖ്‌സയിലെ പുണ്യ സ്ഥലത്ത് പ്രവേശിച്ച് ഇസ്രായേല്‍ പോലീസ്. ജൂതരുടെ സന്ദര്‍ശനം പുനഃരാരംഭിച്ചതോടെ നിരവധി ഫലസ്തീനികള്‍ പ്രദേശത്ത് ഒന്നിച്ചു കൂടിയതാണ് ഇസ്രായേല്‍ പോലീസിനെ പ്രകോപിപ്പിച്ചത്.

പള്ളിക്കുള്ളില്‍ ചില ഫലസ്തീനികള്‍ അഭയം പ്രാപിച്ചതോടെ പള്ളിയുടെ വിശാലമായ പുല്‍മേട്ടിലേക്ക് പൊലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചതിനോടൊപ്പം മസ്ജിദിന്റെ കവാടത്തിനകത്ത് കയറിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഫലസ്തീനികള്‍ കല്ലെറിഞ്ഞതായും ഒരു പോലീസുകാരന് പരിക്കേറ്റതായും ഇസ്രായേല്‍ പോലീസ് പറയുന്നുണ്ടെങ്കിലും പ്രദേശത്ത് കല്ലെറിഞ്ഞതിന്റെ സൂചനകളൊന്നുമില്ല. പോലീസ് പള്ളിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പള്ളിയിലുണ്ടായിരുന്നവര്‍ കല്ലെറിഞ്ഞതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
നിലവിലുള്ള അവസ്ഥ തുടരണമെന്ന കരാറുള്ളതിനാല്‍ യഹൂദര്‍ക്ക് മസ്ജിദുല്‍ അഖ്‌സ നില്‍ക്കുന്ന സ്ഥലം സന്ദര്‍ശിക്കാമെങ്കിലും പ്രാര്‍ഥിക്കാന്‍ അനുവാദമില്ല. എന്നാല്‍ ഓരോ വര്‍ഷവും പ്രദേശത്ത് എത്തുന്ന യഹൂദരുടെ എണ്ണം വര്‍ധിക്കുകയും നിരവധി ജൂതന്മാര്‍ അവിടെ പ്രാര്‍ഥിക്കുകയും ചെയ്യുന്നുണ്ട്. ഇത് സൈറ്റിന്റെ സംരക്ഷകരായ ജോര്‍ദാനെ പ്രകോപിപ്പിക്കുന്നുണ്ട്. മാത്രമല്ല സ്ഥലം ഏറ്റെടുക്കാനോ വിഭജിക്കാനോ ഇസ്രായേല്‍ പദ്ധതിയിടുമെന്നത് ഫലസ്തീനികളുടെ ഏറെ വര്‍ഷങ്ങളായുള്ള ആശങ്കയാണ്.
നിലവിലുള്ള സ്ഥിതി നിലനിര്‍ത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്രായേല്‍ പറയുന്നുണ്ടെങ്കിലും ഫലസ്തീനികളോ മുസ്‌ലിം ലോകമോ അത് വിശ്വസിക്കുന്നില്ല. മാത്രമല്ല ഇസ്രായേല്‍ സ്വാതന്ത്ര്യ ദിനമായ വ്യാഴാഴ്ച ഇസ്രായേലി പതാകകള്‍ വീശി ആഘോഷിക്കാന്‍ തീവ്രവാദി ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനെതിരെ ഫലസ്തീനും രംഗത്തെത്തിയിട്ടുണ്ട്.

