കൊച്ചി- മുസിരിസ് ബിനാലെ ഡിസംബര്‍ 23ലേക്ക് നീട്ടി

Web Desk
1 Min Read

ഫോര്‍ട്ട് കൊച്ചി: ഇന്ന് ആരംഭിക്കേണ്ടിയിരുന്ന കൊച്ചി- മുസിരിസ് ബിനാലെ ഡിസംബര്‍ 23ലേക്ക് നീട്ടിയതായി അറിയിപ്പ്. സംഘടനാപരവും ഘടനാപരവുമായ കാലതാമസത്തോടൊപ്പം മന്ദോസ് ചുഴലിക്കാറ്റുിനെ തുടര്‍ന്നുള്ള മഴയുമാണ് തിയ്യതി നീട്ടാന്‍ കാരണമെന്നാണ് അറിയിപ്പില്‍ പറയുന്നത്.

city exchange

ആസ്പിന്‍വാള്‍ ഹൗസ്, ആനന്ദ് വെയര്‍ഹൗസ്, പെപ്പര്‍ ഹൗസ് എന്നിവയുള്‍പ്പെടെ ഫെസ്റ്റിന്റെ പ്രധാന വേദികള്‍ ഡിസംബര്‍ 23 മുതലാണ് ആരംഭിക്കുക. ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നതായും യഥാസമയം ഫോര്‍ട്ട് കൊച്ചിയിലേക്ക് സ്വാഗതം ചെയ്യുമെന്നും സംഘാടകര്‍ കുറിപ്പില്‍ അറിയിച്ചു.

എന്നാല്‍ സ്റ്റുഡന്റ് ബിനാലെയുടെ ഉദ്ഘാടന പരിപാടികള്‍, മറ്റു ഇന്‍വിറ്റേഷന്‍ പരിപാടികള്‍, സാറ്റലൈറ്റ് പ്രദര്‍ശനം എന്നിവയെ മാറ്റം ബാധിക്കില്ലെന്നും ഫോര്‍ട്ട് കൊച്ചിയിലെ വേദികള്‍ സന്ദര്‍ശിക്കാന്‍ അതിഥികളെ സ്വാഗതം ചെയ്യുന്നതായും കൊച്ചി മുസിരിസ് ബിനാലേയുടെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

നാലുമാസം നീണ്ടുനില്‍ക്കുന്ന ബിനാലേയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി തൊണ്ണൂറിലേറെ കലാകാരന്മാരാണ് പങ്കെടുക്കുന്നത്. ഇന്ത്യന്‍ വംശജയും സിംഗപ്പൂര്‍ സ്വദേശിയുമായ ശുബിഗി റാവുവാണ് ഇത്തവണ ബിനാലെയുടെ ക്യുറേറ്റര്‍.

- Advertisement -
Ad image

നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും എന്നതാണ് അഞ്ചാം ബിനാലേയുടെ പ്രമേയം. 14 വേദികളിലായി നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കലാപ്രദര്‍ശനമായ കൊച്ചി- മുസിരിസ് ബിനാലേയോടൊപ്പം സ്റ്റുഡന്റ്‌സ് ബിനാലെയും ആര്‍ട്ട് ബൈ ചില്‍ഡ്രനും അരങ്ങേറും. ബിനാലെ അഞ്ചാം പതിപ്പ് കാണാന്‍ പത്തു ലക്ഷത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്.

രാവിലെ പത്തു മുതല്‍ വൈകിട്ട് ഏഴു വരെയാണ് ബിനാലേ കാണാന്‍ പ്രവേശനം അനുവദിക്കുക. കൊച്ചി, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വിവിധ വേദികളിലാണ് കലാസൃഷ്ടികളുടെ പ്രദര്‍ശനമുണ്ടാവുക. സംഗീത വിരുന്നുകള്‍, സെമിനാറുകള്‍, ശില്പശാലകള്‍ എന്നിവയില്‍ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.

ബിനാലെ കാണാനുള്ള ടിക്കറ്റുകള്‍ കൗണ്ടറില്‍ ലഭിക്കുന്നതിന് പുറമേ ഓണ്‍ലൈന്‍ വഴിയും ലഭ്യമാണ്.

Share This Article
Leave a Comment
error: Content is protected !!