

ആലുവ: ചലച്ചിത്ര താരം മഞ്ജു വാര്യരുടെ പരാതിയില്‍ എളമക്കര പൊലീസ് അറസ്റ്റ് ചെയ്ത സംവിധായകന് സനല്‍ കുമാര്‍ ശശിധരന് ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ച സനല്‍ കുമാര്‍ ശശിധരന് മറ്റു വിഷയങ്ങള്‍ കോടതിയെ ധരിപ്പിക്കാനുണ്ടെന്നും തീവ്രവാദികളെ പോലെയാണ് തന്നോട് പൊലീസ് പെരുമാറിയതെന്നും ജാമ്യം ലഭിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും സ്ഥിരമായി ശല്യം ചെയ്യുന്നുവെന്നും മഞ്ജു വാര്യര്‍ നല്കിയ പരാതിയില്‍ കേസെടുത്ത എളമക്കര പൊലീസ് നെയ്യാറ്റിന്‍കരയിലെത്തിയാണ് സനല്‍ കുമാര്‍ ശശിധരനെ അറസ്റ്റ് ചെയ്തത്. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്ന്ന് ഭീഷണിപ്പെടുത്തി എന്നും മഞ്ജു പരാതിയില്‍ പറയുന്നു. മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് എടുത്ത് സനല്‍ കുമാറിനെ അറസ്റ്റ് ചെയ്തത്.

മഞ്ജു വാര്യരുടെ ജീവന് തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകന് സനല്‍ കുമാര്‍ ശശിധരന് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ വിവാദമായിരുന്നു. നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജുവിന്റെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ മഞ്ജു ഉള്‍പ്പെടെ ചില മനുഷ്യരുടെ ജീവന് തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ പോസ്റ്റില്‍ ആരോപിച്ചിരുന്നു. ഭീഷണിപ്പെടുത്തല്‍, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് എളമക്കര പൊലീസ് സനല്‍ കുമാര്‍ ശശിധരനെതിരെ കേസ് എടുത്തിരിക്കുന്നത്.

