കോവിഡ് മരണക്കണക്ക്; ശാസ്ത്രമല്ല മോഡിയാണ് കള്ളം പറയുകയെന്ന് രാഹുല്‍ ഗാന്ധി

Web Desk
2 Min Read

ന്യൂദല്‍ഹി: ലോകത്തു നടന്ന ആകെ കോവിഡ് മരണങ്ങളില്‍ ഏകദേശം മൂന്നിലൊന്നും ഇന്ത്യയിലെന്ന് ലോകരോഗ്യ സംഘടനയുടെ കണക്കുകള്‍. ലോകത്താകെ ഒന്നരക്കോടി ജനങ്ങള്‍ മരിച്ചപ്പോള്‍ അതില്‍ 47 ലക്ഷം പേര്‍ ഇന്ത്യയിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിനും മോദിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

city exchange

ശാസ്ത്രം കള്ളം പറയില്ലെന്നും എന്നാല്‍ പ്രധാനമന്ത്രി മോദി പറഞ്ഞേക്കുമെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന. കോവിഡിനെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രാഥമികമായി നല്‍കേണ്ട നാല് ലക്ഷം രൂപ ഉടന്‍ കൈമാറണമെന്നും രാഹുല്‍ ഗാന്ധി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

വിവിധ രാജ്യങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം 54 ലക്ഷം പേരാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്. എന്നാല്‍ ലോകാരോഗ്യ സംഘടന ഇതിന്റെ മൂന്നിരട്ടി പേര്‍ മരിച്ചുവെന്നാണ് കണക്കാക്കിയിരിക്കുന്നത്.

- Advertisement -
Ad image

ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 4.8 ലക്ഷം പേരാണ് കോവിഡിനെ തുടര്‍ന്ന് മരണപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരമാകട്ടെ ഇതിന്റെ ഒമ്പതിരട്ടിയിലേറെയാണ് മരണ സംഖ്യ. ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 47 ലക്ഷമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ഇന്ത്യ മാത്രമല്ല അമേരിക്കയും റഷ്യയും ഉള്‍പ്പെടെ കോവിഡ് കണക്കുകളില്‍ വെള്ളം ചേര്‍ത്തിട്ടുണ്ട്. ഈജിപ്തില്‍ കണക്കും യാഥാര്‍ഥ്യവും തമ്മില്‍ 11 ഇരട്ടിയാണ് വ്യത്യാസമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2020 മുതല്‍ 2021 വരെയുള്ള കണക്കുകള്‍ പരിഗണിച്ച് അന്താരാഷ്ട്ര വിദഗ്ധ സംഘമാണ് ലോകാരോഗ്യ സംഘടനയ്ക്കായി കണക്ക് തയ്യാറാക്കിയത്. ഈ മരണങ്ങളെല്ലാം തന്നെ അംഗീകരിക്കപ്പെടണമെന്നും മറ്റൊരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ നന്നായി തയ്യാറെടുക്കാന്‍ ഇത് സഹായിക്കുമെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനൊം വ്യക്തമാക്കി.

എന്നാല്‍ കണക്കുകള്‍ തള്ളിയ കേന്ദ്ര ആരോഗ്യ മന്ത്രാലയം കണക്കുകളുടെ മാതൃകാരൂപങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ വിവരങ്ങള്‍ മാത്രമാണ് ലോകാരോഗ്യ സംഘടനയുടെ കയ്യിലുള്ളതെന്നാണ് വാദിക്കുന്നത്. നേരിട്ടും അല്ലാതെയും സംഭവിച്ച എല്ലാ മരണങ്ങളുടേയും കണക്കുകളും ഉള്‍പ്പെടുത്തിയാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ലോകാരോഗ്യ സംഘടന മരണം കണക്കാക്കിയ മാര്‍ഗം തെറ്റായതിനാല്‍ ഈ കണക്കുകള്‍ ശാസ്ത്രീയമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ജനന- മരണ കണക്കുകള്‍ രേഖപ്പെടുത്താന്‍ ഇന്ത്യയ്ക്ക് ശക്തമായ സംവിധാനങ്ങളുണ്ടെന്നും അശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ലോകാരോഗ്യ സംഘടന കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്നുമാണ് സര്‍ക്കാറിന്റെ ആരോപണം.

Share This Article
Leave a Comment
error: Content is protected !!