

കൊച്ചി: മുന്‍ എം എല്‍ എ കെ എം ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കെ എം ഷാജിക്കെതിരെയുള്ള കേസന്വേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയത്.

അഴീക്കോട് മണ്ഡലത്തിലെ സ്കൂളില്‍ പ്ലസ് ടു കോഴ്സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടു എന്ന ആരോപണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഫയല്‍ ചെയ്ത കേസ് പിന്നീട് കള്ളപ്പണം, അഴിമതി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് ഇ ഡി രംഗത്തെത്തുകയായിരുന്നു. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വേങ്ങരയിലെ വീട് ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഹൈക്കോടതി വിധിയുടെ പശ്ചാതലത്തില്‍ വീട് ഇനി ഇവര്‍ക്ക് സാധാരണപോലെ ഉപയോഗിക്കാനാവും.

എന്‍ഫോഴ്സ്മെന്റ് നടപടിക്കെതിരെ കെ എം ഷാജി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് വിധി. ആശയുടെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി നിയമാനുസൃതമായ രീതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഉത്തരവിട്ടിട്ടുണ്ട്.

