

കോഴിക്കോട്: ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ഥി സംഗമം ‘നൊസ്റ്റാള് ജെക്ക് ’22’ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

ബിരുദധാരികളായി കോളേജുകളില്‍ നിന്ന് പുറത്തിറങ്ങുന്ന പെണ്‍കുട്ടികളില്‍ മൂന്നിലൊരാള്‍ മാത്രമാണ് തൊഴില്‍ നേടുന്നതെന്നും ഈ അവസ്ഥ മാറേണ്ടത് അത്യാവശ്യമാണെന്നും മേയര്‍ പറഞ്ഞു. സാമ്പത്തിക പരിമിതികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായങ്ങളെത്തിക്കാനും ജി ഇ സി അലുംനിയോട് അഭ്യര്‍ഥിച്ചു.

അലുംനി അസോസിയേഷന്റെ ഔദ്യോഗിക ലോഗോയും ആദ്യ മാഗസിനും ചടങ്ങില്‍ പ്രകാശിപ്പിക്കപ്പെട്ടു. മാഗസിന് പ്രകാശനം മേയറും ലോഗോ അനാച്ഛാദനം മുന്‍ കോളേജ് പ്രിന്‍സിപ്പല്‍മാരായ ഡോ. കെ നജീബ്, ഡോ. സോയ എന്നിവര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. സജിത്ത് പി പി മാഗസിന് ഏറ്റുവാങ്ങി. കോളേജിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ മുന്‍ അലുംനി പ്രസിഡന്റ് രഞ്ജിത്ത് ടി പി ഉദ്ഘാടനം ചെയ്തു.
രണ്ട് പതിറ്റാണ്ടിനകത്ത് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവരുടെ ജി ഇ സി അലുംനിയാണ് പരിപാടി സംഘടിപ്പിച്ചത്.
കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ലോക നിലവാരത്തിലേക്കുയര്‍ത്താനുള്ള വിഷന്‍ 2025 അവതരണവും യുവ ഗവേഷകര്‍ക്കുള്ള ഫെല്ലോഷിപ്പ്, വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് എന്നിവയുടെ പ്രഖ്യാപനങ്ങളും ഇതോടൊപ്പം നടന്നു. വ്യത്യസ്ത മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ച പൂര്‍വ്വ വിദ്യാര്‍ഥികള്‍, ഗവേഷകര്‍, കോളേജിലെ മുതിര്‍ന്ന അധ്യാപകര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ബി ടെക്, എം ടെക് കോഴ്സുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മൊമന്റോയും കാഷ് അവാര്‍ഡും സമ്മാനിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പൂര്‍വ്വ വിദ്യാര്‍ഥികള്‍ കോളേജുമായി ബന്ധപ്പെട്ട് ഓര്‍മകളും അനുഭവങ്ങളും പരിപാടിയില്‍ പങ്കുവെച്ചു. ഇക്കാലയളവില്‍ അന്തരിച്ച സഹപാഠികളേയും അധ്യാപകരേയും സംഗമം അനുസ്മരിക്കുകയുണ്ടായി.
വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കുള്ള തൊഴിലവസരങ്ങളും സ്റ്റാര്‍ട്ടപ്പ് നിക്ഷേപ സഹായങ്ങളും ലഭ്യമാക്കാനുള്ള ‘ഓപ്പര്‍ച്ച്യൂണിറ്റി മീറ്റ്’ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. വ്യത്യസ്ത വേദികളിലായി കലാകായിക മത്സരങ്ങള്‍, ലക്കി ഡ്രോ, സംഗീതനിശ തുടങ്ങിയവയും വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും സജീവ പങ്കാളിത്തത്തോടെ അരങ്ങേറി.
35ലധികം രാജ്യങ്ങളില്‍ സാന്നിധ്യവും വിവിധ രാജ്യങ്ങളിലായി 15 ചാപ്റ്ററുകളുമുള്ള സംഘടനയാണ് ജി ഇ സി അലുംനി. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പൂര്‍വ്വ വിദ്യാര്‍ഥികളായ ആയിരത്തോളം പേര് സംഗമത്തില്‍ എത്തിച്ചേര്‍ന്നു
വാര്‍ഡ് കൗണ്‍സിലര്‍ സി എസ് സത്യഭാമ, ജിയോലോജിക് ഇന്നോവേഷന്‍സ് മാനേജിങ് ഡയറക്ടര്‍ രഞ്ജിത്ത് പി ദിനേശ്, വിവിധ വകുപ്പ് മേധാവിമാര്‍, സജിത്ത്, പി ടി എ വൈസ് പ്രസിഡന്റ് ബഷീര്‍ കെ ടി, കോളേജ് യൂണിയന് ചെയര്മാന് ഹാഫിസ് അലി കോഴിത്തൊടി, കോളജ് യൂണിയന് ജനറല്‍ സെക്രട്ടറി ഏലിയാസ് എം എല്‍ദോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
അലുംനി പ്രസിഡന്റ് ഫസല്‍ റഹ്മാന് അധ്യക്ഷത വഹിച്ച യോഗത്തിന് അലുംനി ഓര്‍ഗനൈസിങ് സെക്രട്ടറി കെ ഹര്‍ഷിദ് സ്വാഗതം ആശംസിച്ചു. ജെക്ക ജനറല്‍ സെക്രട്ടറി ഷൈജ എം നന്ദി പറഞ്ഞു.

