

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ അറബി ഭാഷാ പഠന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന് കുട്ടി പറഞ്ഞു. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് (കെ എ എം എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അറബി ഭാഷാ പഠന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നല്കിയ നിവേദനം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാഷാ അധ്യാപകരുടെ പാര്‍ട്ട് ടൈം സര്‍വീസ് എല്ലാ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക, എന്‍ സി എ നിയമനങ്ങളില്‍ രണ്ടുപ്രാവശ്യം വിജ്ഞാപനം നടത്തി ആ വിഭാഗങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ ഇല്ലായെങ്കില്‍ റാങ്ക് ലിസ്റ്റിലെ ജനറല്‍ വിഭാഗത്തില്‍ നിന്ന് റാങ്ക് ലിസ്റ്റ് അവസാനിക്കുന്നതിനു മുമ്പായി നിയമനം നടത്തുക, അറബിക് ബി എഡ്, ഡി എല്‍ എഡ് സെന്ററുകളും സീറ്റുകളും വര്‍ധിപ്പിക്കുക, ഹയര്‍ സെക്കന്‍ഡറിയില്‍ അറബിക് ഭാഷാപഠനത്തിന് മാത്രം കുട്ടികളുടെ എണ്ണം 10ല്‍ നിന്ന് 25 ആയി ഉയര്‍ത്തിയ വിവാദ ഉത്തരവ് പിന്‍വലിക്കുകയും ഹയര്‍സെക്കന്‍ഡറിയിലെ ഭാഷാപഠന നിയന്ത്രണം പിന്‍വലിക്കുകയും ചെയ്യുക, എല്ലാ ഡയറ്റുകളിലും അറബിക് ഫാക്കല്‍റ്റിയെ നിയമിക്കുക, അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിന് ജില്ലകളിലെ ഒഴിവുള്ള തസ്തികകളുടെ 10 ശതമാനം എന്ന പുതിയ ഉത്തരവ് അറബിക് ഉള്‍പ്പെടെയുള്ള ഭാഷാ വിഷയങ്ങളില്‍ ഒരാള്‍ക്കും സ്ഥലംമാറ്റം ലഭിക്കുകയില്ല, ഭാഷാ വിഷയങ്ങള്‍ക്ക് തസ്തികകളുടെ എണ്ണം കുറവായതിനാല്‍ അനുപാതം മുമ്പ് ഉണ്ടായിരുന്നത് പോലെ 30 ശതമാനമായി ഭാഷാ വിഷയങ്ങള്‍ക്ക് പുന:ക്രമീകരിക്കുക, ഭാഷാ അധ്യാപക പരിശീലന കേന്ദ്രങ്ങളിലെ (ഡി എല്‍ എഡ്) അപാകതകള്‍ പരിഹരിക്കുകയും സെന്ററുകളില്‍ ആവശ്യമായ അധ്യാപകരെ നിയമിക്കുകയും ചെയ്യുക, വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അധ്യാപക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും താഴെ തട്ട് വരെ ഫയല്‍ അദാലത്ത് നടത്തുക, നിയമനാംഗീകാരം ലഭ്യമാകാത്ത എയ്ഡഡ് സ്കൂളിലെ അധ്യാപകര്‍ക്ക് നിയമനാംഗീകാരം ലഭ്യമാക്കുന്നതിന് വേണ്ട മേല്‍ നടപടികള്‍ സ്വീകരിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് നിവേദനം നല്‍കിയത്.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍, സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍, ട്രഷറര്‍ പി പി ഫിറോസ്, ഓര്‍ഗനൈസിങ് സെക്രട്ടറി സിറാജ് മദനി, സംസ്ഥാന സെക്രട്ടറി എസ് നിഹാസ്, സംസ്ഥാന വനിതാ കണ്‍വീനര്‍ സംഗീത റോബര്‍ട്ട്, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് കല്ലമ്പലം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എല്‍ എ അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

