

കോഴിക്കോട്: ആദ്യമായി പാര്‍ലമെന്റിലേക്ക് പ്രവേശിച്ചപ്പോള്‍ സാഷ്ടാംഗ പ്രണാമം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാര്‍ലമെന്റിനെയും ജനാധിപത്യ ചര്‍ച്ചകളെയും നോക്കുകുത്തിയാക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. കെ പി സി സി നിര്‍ദ്ദേശ പ്രകാരം സംഘടിപ്പിച്ച ജില്ലാ നേതൃ കണ്‍വന്‍ഷന്‍ കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍.

വല്ലപ്പോഴും വന്നുപോകാനുള്ള ഇടം മാത്രമാണ് മോദിക്ക് പാര്‍ലമെന്റ്. പാര്‍ലമെന്റിനെ പരിഹസിക്കുന്ന പ്രധാനമന്ത്രിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രധാന ബില്ലുകളെല്ലാം പാസാക്കുന്നവേളയില്‍ മുന്‍കാല കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ ആദ്യാവസാനം പാര്‍ലമെന്റില്‍ ഉണ്ടാകുമായിരുന്നു. ഇന്നത്തെ പ്രധാനമന്ത്രി വല്ലപ്പോഴും വന്നുപോകുന്ന സന്ദര്‍ശകന്‍ മാത്രമാണ്. പാസാക്കുന്ന ഓരോ ബില്ലുകള്‍ക്കുള്ളിലും വര്‍ഗീയമായ ചേരിതിരിവ് കടന്നുകൂടിയിട്ടുണ്ടാവുമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തോട് ഒരുബഹുമാനവുമില്ലാത്ത ഭരണമാണ് നടക്കുന്നത്. ഫാസിസം അതിന്റെ പരമകോടിയിലെത്തി. എത്രപേര്‍ എതിര്‍ത്താലും ഒരു ചര്‍ച്ചപോലും നടക്കാതെ നിയമം പാസാക്കുന്ന ഏകാധിപത്യ പ്രവണതയാണുള്ളത്. നാടിന്റെ പോക്ക് അതീവ അപകടത്തിലാണെന്നും സുധാകരന്‍ പറഞ്ഞു.
കേരളത്തിലെ സര്‍ക്കാറിന്റെ നെറികെടുകള്‍ ജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സാധിക്കണം. കോവിഡിന്റെ പ്രത്യേക കാലത്ത് ജനങ്ങള്‍ക്ക് കിറ്റുള്‍പ്പെടെ നല്‍കിയാണ് പിണറായി ഭരണത്തുടര്‍ച്ചയുണ്ടാക്കിയത്. പ്രതിസന്ധി കാലത്ത് ജനങ്ങള്‍ക്ക് അത് വലിയ കാര്യമായിരുന്നു. എന്നാല്‍ അധികം വൈകാതെ സര്‍ക്കാര്‍ അതെല്ലാം നിര്‍ത്തി. പിണറായിയുടെ വിജയം ശാശ്വതമല്ല. സംഘടനാ തലത്തില്‍ സി യു സികള്‍ ശക്തമാകുന്നത് കോണ്‍ഗ്രസിന് വലിയ ഊര്‍ജ്ജമാണ് ഉണ്ടാക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യാതിഥിയായിരുന്നു. ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ കെ കെ എബ്രഹാം, പി എം നിയാസ്, മുന്‍ ഡി സി സി പ്രസിഡന്റ് കെ സി അബു, മുന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍ സംബന്ധിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി പി എം അബ്ദുറഹ്മാന്‍ സ്വഗതം പറഞ്ഞു.
മണ്ഡലം പ്രസിഡന്റുമാര്‍ മുതല്‍ ഡി സി സി അംഗങ്ങളും പോഷക സംഘടനാ പ്രതിനിധികളും സഹകരണ ബാങ്ക് പ്രസിഡന്റുമാരുമടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്.

