

കോഴിക്കോട്: ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വ്വകലാശാലക്ക് യു ജി സി അംഗീകാരം ലഭിക്കാത്തതിന്റെ പേരില്‍ സംസ്ഥാനത്തെ ഇതര സര്‍വ്വകലാശാലകള്‍ നടത്തുന്ന വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കോഴ്‌സുകള്‍ വിലക്കി കൊണ്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍ക്ക്
വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്തുന്നതിന് അഞ്ചു വര്‍ഷത്തെ യു ജി സി അംഗീകാരം നിലനില്‍ക്കേയാണ് പുതിയ പ്രവേശനത്തിന് സര്‍ക്കാര്‍ തടയിട്ടിരിക്കുന്നത്.
ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വ്വകലാശാലക്ക് യു ജി സിയുടെ ഡിസ്റ്റന്‍സ് എജുക്കേഷന്‍ ബ്യൂറോയുടെ അനുമതി ലഭിച്ചില്ലെങ്കില്‍ മാത്രമെ ഇനി മുതല്‍ മറ്റു സര്‍വ്വകലാശാലകള്‍ക്ക് കോഴ്‌സുകള്‍ നടത്താന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഇതര സര്‍വ്വകലാശാലകളില്‍ വിദൂര- പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കോഴ്‌സുകള്‍ നടത്തരുതെന്ന വ്യവസ്ഥ പഠിതാക്കളുടെ അവസരങ്ങളും സാധ്യതകളും ഇല്ലാതാക്കുന്നതിനാല്‍ അത് പുന:പരിശോധിക്കണമെന്നും യോഗം ശക്തമായി ആവശ്യപ്പെട്ടു.
ഈ മാസം 21ന് ഹയര്‍ സെക്കണ്ടറി ഫലം പ്രസിദ്ധീകരിക്കുന്നതോടൊപ്പം റെഗുലര്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ക്ക് തുടക്കം കുറിക്കും. ഇതോടൊപ്പം വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്കും കൂടി അപേക്ഷ സമര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ തുടര്‍ പഠന സാധ്യതകള്‍ ഇല്ലാതാകുമെന്നതിനാല്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് ആവശ്യപ്പെട്ടു.
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലയില്‍ ഏറെ സ്വാധീനം ചെലുത്തുന്ന അറബിക് ഭാഷാ പഠനത്തിന് വളരെ പ്രയോജനകരമായ അഫ്‌സല്‍ ഉലമ പ്രിലിമിനറി ഡിഗ്രി കോഴ്‌സുകള്‍ക്ക് അവസരം നിഷേധിക്കുന്ന ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നിലപാട് ഉത്തരവാദപ്പെട്ടവര്‍ തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അഫ്‌സല്‍ ഉലമ പ്രിലിമിനറി, ഡിഗ്രി കോഴ്‌സുകള്‍ക്ക് ഓപ്പണ്‍ യൂണിവേഴ്‌സിറ്റില്‍ പ്രത്യേക ഫാക്കല്‍റ്റികളെ നിയമിച്ചിട്ടും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ട് പോയിട്ടും ഇനിയും അറബി കോഴ്‌സുകള്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഈ കോഴ്‌സുകള്‍ ഈ വര്‍ഷം തന്നെ തുടങ്ങുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗത്തില്‍ എം എ ലത്തീഫ്, മാഹിന്‍ ബാഖവി, എം പി അയ്യൂബ്, എം ടി സൈനുല്‍ ആബിദീന്‍, എം എ റഷീദ് മദനി എന്നിവര്‍ സംസാരിച്ചു.

