

ന്യൂഡല്‍ഹി: എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്ഥെയായി ആദിവാസി വിഭാഗത്തില്‍പ്പെട്ട ദ്രൗപതി മുര്‍മുവിനെ പ്രഖ്യാപിച്ചു. ആദ്യമായാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പ്രതിഭാ പാട്ടീലിന് ശേഷം രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന വനിതയെന്ന പ്രത്യേകതയും 64കാരിയായ ദ്രൗപതി മുര്‍മുവിനുണ്ട്.

ബി ജെ പി പാര്‍ലമെന്ററി യോഗത്തിലാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനമുണ്ടായത്. 20 പേരുകള്‍ നിര്‍ദേശിച്ചിരുന്നുവെന്നും ഇതില്‍ നിന്നാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തതെന്നും ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു.

ഒഡീഷ മുന്‍ മന്ത്രിയും ജാര്‍ഖണ്ഡ് ഗവര്‍ണറുമായ ദ്രൗപതി മുര്‍മു ബി ജെ പിയില്‍ തന്നെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഫിഷറീസ്, ഗതാഗതം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളും മുര്‍മു കൈകാര്യം ചെയ്തിട്ടുണ്ട്. ഒഡീഷ രാഷ്ട്രീയത്തില്‍ ബി ജെ പിക്ക് കാര്യമായ വളര്‍ച്ചയില്ലാതിരുന്ന സമയത്തും ബി ജെ പിയെ മുന്നില്‍ നിന്നു നയിച്ച വ്യക്തിയായിരുന്നു ദ്രൗപതി മുര്‍മു.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് മുര്‍മുവിനെ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മാറ്റിയത്. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും മുര്‍മുവിന്റെ പേര് ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് രാജ്നാഥ് കോവിന്ദിനെ സ്ഥാനാര്‍ഥിയായി പാര്‍ട്ടി പ്രഖ്യാപിക്കുകയായിരുന്നു.

