

മലപ്പുറം: മുസ്ലിം ലീഗ് നടത്തിയ സൗഹൃദ സംഗമത്തിനിടയില്‍ നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ ലീഗിന് തിരിച്ചടിയാകുന്നു. ഈ മാസം മൂന്നിന് കാസര്‍ഗോഡ് നിന്നും സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച സൗഹൃദ സംഗമത്തിനിടെയുണ്ടായ പ്രമുഖ നേതാക്കളുടെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമാണ് ലീഗിന് തിരിച്ചടിയായത്.

സാദിഖലി തങ്ങള്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ഉടനെ അദ്ദേഹം തന്നെ മുന്‍കൈയ്യെടുത്ത് രൂപപ്പെടുത്തിയതാണ് സൗഹൃദ സംഗമം. വിവിധ മത വിഭാഗങ്ങളിലെ പ്രമുഖ നേതാക്കളെ കണ്ട് പാര്‍ട്ടിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് സൗഹൃദ സംഗമങ്ങള്‍ നടത്തിവന്നത്. ഇതിനിടയിലാണ് പ്രമുഖ നേതാക്കളുടെ തന്നെ പ്രസ്താവനകള്‍ വന്നതും. ഇതാവട്ടെ സൗഹൃദസംഗമങ്ങളെ ചര്‍ച്ച ചെയ്യുന്നതിനപ്പുറം വിവാദങ്ങളെ കൂടുതല്‍ ചര്‍ച്ചക്കിട്ട് പാര്‍ട്ടിയെ കളങ്കപ്പെടുത്തുന്നതിന് ഇടയാക്കി എന്ന അഭിപ്രായമാണ് ഉയരുന്നത്.

കെ എം ഷാജിയുടെ പ്രസ്താവനകളാണ് ആദ്യം ഉണ്ടായത്. വ്യവസായ പ്രമുഖന് യൂസുഫലിക്ക് നേരെയായിരുന്നു ആദ്യ പരാമര്‍ശം. ബി ജെ പി യെ വെള്ളപൂശി കൊണ്ടുള്ള അദ്ദേഹത്തിന്റെ നിലപാട് പാര്‍ട്ടിയെ ഏറെ പ്രതിരോധത്തിലാക്കി. ഇത് കെട്ടടങ്ങും മുമ്പ് കെ എന്‍ എ ഖാദറിന്റെ മറ്റൊരു പ്രസ്താവനയും നിലപാടും പാര്‍ട്ടിയെ പിന്നെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. ബി ജെ പിയെ ബന്ധപ്പെടുത്തിയുള്ളതായിരുന്നു അത്. ലീഗ് ബി ജെ പിയോട് മൃദു സമീപനം സ്വീകരിക്കുന്നു എന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇരുനേതാക്കളും ഇത്തരത്തിലുള്ള പ്രസ്താവനകളുമായി മുന്നോട്ടുവന്നത്.
ഇതിനിടെ ഇന്ന് സൗഹൃദസംഗമം സമാപിക്കാനിരിക്കെ പി കെ ബഷീര്‍ നടത്തിയ പരാമര്‍ശവും വിവാദത്തെ മറ്റൊരു വഴിയിലേക്ക് തിരിച്ചു. സി പി എം നേതാവും മുന്‍ മന്ത്രിയും ആയിരുന്ന എം എം മണിയെ കുറിച്ചാണ് ബഷീറിന്റെ പരിഹാസ്യ വാക്കുകള്‍ ഉണ്ടായത്. കറുപ്പ് കണ്ടാല്‍ ഭയക്കുന്ന മുഖ്യമന്ത്രി എം എം മണിയെ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ എന്നും എം എം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്നും പി കെ ബഷീര്‍ പരിഹസിച്ചു. സൗഹൃദ സംഗമങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ആകേണ്ട സാഹചര്യത്തില്‍ അവയില്‍ നിന്ന് മാറി നേതാക്കളുടെ തന്നെ പ്രസ്താവനകള്‍ വിവാദമാകുകയും അവ എതിരാളികള്‍ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്തതോടെ ലീഗ് ലക്ഷ്യമിട്ട സൗഹൃദത്തിന്റെ സന്ദേശങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന അവസ്ഥയാണുള്ളത്.

