വയനാട്ടില്‍ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജിയായി പ്രഖ്യാപിച്ചു

Web Desk
1 Min Read

മാനന്തവാടി: പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി.

city exchange

നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണിത്. കടുവാ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് നിര്‍ണായക തീരുമാനം. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

തുടര്‍ച്ചയായ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചതെന്നും ഇതിനാല്‍ ആളുകളുടെ ജീവന് ഭീഷണിയായി മാറിയ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്നും നിയമ തടസമുണ്ടാകില്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

കടുവയെ പിടികൂടാന്‍ നല്ല പ്രവര്‍ത്തനമാണ് നടക്കുന്നത്. എന്നാല്‍, അത് ജനങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല എന്ന് വന്നപ്പോഴാണ് ഉന്നതതല യോഗം വിളിച്ചത്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.

- Advertisement -
Ad image

പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചുകൊന്ന കടുവ ഇന്ന് തെരച്ചിലിനിടെ ആര്‍ആര്‍ടി ഉദ്യോഗസ്ഥനായ ജയസൂര്യയെയും ആക്രമിച്ചിരുന്നു. തുടര്‍ച്ചയായി ആക്രമണം വന്നതിനാല്‍ ആണ് നരഭോജി എന്ന പ്രഖ്യാപനം.

അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് നിയമോപദേശം തേടിയ ശേഷമാണ് തീരുമാനം. മുഖ്യമന്ത്രിയും തീരുമാനത്തെ പിന്തുണച്ചു.

കാടിനോട് ചേര്‍ന്നുള്ള മേഖലകളിലെ അടിക്കാടുകള്‍ വെട്ടാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മേഖലയില്‍ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 100 ക്യാമറകള്‍ വയനാട്ടില്‍ പുതിയതായി സ്ഥാപിക്കും.
വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാനും നിരീക്ഷണം ശക്തമാക്കാനും സംസ്ഥാനത്ത് മറ്റുള്ളിടങ്ങളില്‍ 400 ക്യാമറകള്‍ സ്ഥാപിക്കുമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

വന്യജീവി ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും വനം മന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വനവുമായി ബന്ധപ്പെട്ട് ഒരു പിന്തുണയും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ല.

പുതിയ സംഭവ വികാസങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നും അറിയിച്ചിട്ടും വലിയ കാര്യമില്ലെന്നും എ കെ ശശീന്ദ്രന്‍ കുറ്റപ്പെടുത്തി. വിളിച്ചാല്‍ ഒരു ഫോണ്‍ കോള്‍ നഷടം എന്നത് മാത്രമാണ്. എങ്കിലും കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും.

TAGGED:
Share This Article
Leave a Comment
error: Content is protected !!