

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസ് ആറുവരിപാതയില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് രണ്ട് അടിപ്പാതകള്‍ക്കും രണ്ട് നടപ്പാതകള്‍ക്കും ഒരു ഫ്ളൈ ഓവറിനും നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നല്കി. എം ക രാഘവന് എം പി, എന്‍ എച്ച് എ ഐ ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരുമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ആറുവരിപാതാ വികസനത്തില്‍ കരാര്‍ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന മെല്ലെപോക്ക് നയം എം കെ രാഘവന് എം പി ഡല്‍ഹിയില്‍ എന്‍ എച്ച് എ ഐ ചെയര്‍പേഴ്സണ്‍, മെമ്പര്‍ പ്രൊജക്ട് എന്നിവരെ ജൂണ്‍ 29ന് കണ്ട് ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചെയര്‍പേഴ്സണിന്റെ നിര്‍ദ്ദേശ പ്രകാരം പദ്ധതി പുരോഗമനം വിലയിരുത്തുന്നതിനായി എം പിയുടെ സാന്നിധ്യത്തില്‍ എന്‍ എച്ച് എ ഐ ഉന്നത ഉദ്യോഗസ്ഥര്‍ കോഴിക്കോട് യോഗം വിളിച്ച് ചേര്‍ക്കുകയായിരുന്നു.

2022 ഫെബ്രുവരി മാസത്തോടെ പദ്ധതിയുടെ 20 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കേണ്ട കമ്പനി സമയം നീട്ടി വാങ്ങുകയായിരുന്നു. ആറുമാസം അധികം ലഭിച്ചിട്ടും ജൂണ്‍ മാസം ആകെ പതിനൊന്ന് ശതമാനം പ്രവൃത്തി മാത്രമാണ് കമ്പനിക്ക് പൂര്‍ത്തീകരിക്കാനായത്. ഇക്കാര്യമാണ് എം പി പ്രധാനമായും ചൂണ്ടിക്കാട്ടിയായിരുന്നത്.
പദ്ധതിയുടെ തെക്കും വടക്കും സ്ട്രെച്ചുകളില്‍ പ്രവൃത്തികള്‍ നടത്തുന്ന കെ എന്‍ ആര്, അദാനി പോലുള്ള നിര്‍മ്മാണ കമ്പനികള്‍ക്ക് നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യമാകുമ്പോള്‍, മെല്ലെപോക്കിന് കാരണമായി നിര്‍മ്മാണ സാമഗ്രികളുടെ അഭാവം ചൂണ്ടിക്കാട്ടുന്നതിലെ വിരോധാഭാസം യോഗത്തില്‍ എം പി ചൂണ്ടിക്കാട്ടി.
പുതുക്കിയ സമയക്രമം അനുസരിച്ച് പദ്ധതിയുടെ ആദ്യ നാഴികക്കല്ലായ 20 ശതമാനം പ്രവൃത്തി ജൂലൈ ഇരുപത്തിയഞ്ചോട് കൂടിയാണ് പൂര്‍ത്തീകരിക്കേണ്ടത്. ഈ ലക്ഷ്യം കൈവരിക്കാനായി വേണ്ട ഇടപെടലുകള്‍ ഉണ്ടാവുമെന്ന് കമ്പനിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത ഡയറക്ടര്‍ ശശാങ്ക് ശേഖര്‍, പ്രൊജക്ട് മാനേജര്‍ ദേവരാജ റെഡ്ഡി എന്നിവര്‍ അറിയിച്ചു.
മാങ്കാവ്- മേത്തോട്ട് താഴം- മെഡിക്കല്‍ കോളേജ് റോഡ്, മാളിക്കടവ് എന്നിവിടങ്ങളില്‍ പുതിയ അടിപ്പാതകള്‍ക്കും പാറമ്മല്‍, സേവാമന്ദിരം സ്ക്കൂള് എന്നിവിടങ്ങളില്‍ നടപാതകള്ക്കുമാണ് പുതുതായി അനുമതി ലഭിച്ചത്. ഹരിതനഗര്‍ കോളനിക്ക് സമീപം സി ഡബ്ല്യു ആര് ഡി എം- പനാത്ത് താഴം റോഡ് ജംഗ്ഷനില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോട് കൂടി ഫ്ളൈ ഓവറിന് അനുമതി നല്‍കാമെന്നും എന്‍ എച്ച് എ ഐ അധികൃതര്‍ യോഗത്തില്‍ ഉറപ്പ് നല്കി. ഇതിന് പുറമേ തടമ്പാട്ട് താഴം- പറമ്പില്‍ ബസാര്‍ റോഡിലെ അടിപാത വീതികൂട്ടുന്നതിനുള്ള നിര്‍ദ്ദേശവും അധികൃതര്‍ അംഗീകരിച്ചു.
ജനങ്ങളുടെ ആവശ്യം പരിഗണിച്ച് മൊകവൂരിനും മാളിക്കടവിനും ഇടയില്‍ പാസേജ്, കരിയാത്തന്‍ കാവ് റോഡിന് സമീപം പാസേജ് എന്നിവയ്ക്കായും എം പി ആവശ്യമുന്നയിച്ചു. ഇവ പരിശോധിച്ച ശേഷം പരിഗണിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യോഗത്തില്‍ എം പിക്ക് പുറമേ എന്‍ എച്ച് എ ഐ ഡി ജി എം നവീന്‍ മിശ്ര, കേരള റീജിയണല്‍ ഓഫീസര്‍ ബി എല്‍ മീണ, പ്രൊജക്ട് ഡയറക്ടര്‍ നിര്‍മ്മല്‍ സാഡെ, എഞ്ചിനീയര്‍മാരായ പ്രഭാകരന്, ശശികുമാര്‍, കമ്പനിയെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ശശാങ്ക് ശേഖര്‍, പ്രൊജക്ട് മാനേജര്‍ ദേവരാജ റെഡ്ഡി, എഞ്ചിനീയര്‍ നാസര്‍ എന്നിവരും പങ്കെടുത്തു.

